09 December, 2019 01:26:08 PM


ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിന്‍ലാന്‍ഡില്‍; 34-കാരി സാന്ന മരിന്‍ അധികാരമേല്‍ക്കുന്നു



ഹെല്സിംകീ: ഗതാഗത മന്ത്രിയായ സാന്ന മരിന്‍ ഫിന്‍ലാന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും. നിലവിലെ പ്രധാനമന്ത്രി ആന്റി റിന്നെ രാജിവെച്ചതോടെയാണ് സാന്നയെ പ്രധാനമന്ത്രിയാക്കാന്‍ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തീരുമാനിച്ചത്. 34-കാരിയായ സാന്ന മരിന്‍ അധികാരമേല്‍ക്കുന്നതോടെ അവര്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാകും. കൂടാതെ ഫിന്‍ലാന്‍ഡിലെ മൂന്നാമത്തെ വനിതാ സര്‍ക്കാര്‍ നേതാവുമാണ് സാന്ന.


തപാല്‍ പണിമുടക്ക് കൈകാര്യം ചെയ്തതില്‍ ആന്റി റിന്നെ കാണിച്ച അവധാനതയാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെടാന്‍ കാരണം. അഞ്ചു പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഫിന്‍ലാന്‍ഡില്‍ ഭരണം നടത്തുന്നത്. 'ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇനിയുമൊരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ' പ്രധാനമന്ത്രിയായി തിരഞ്ഞെട്ടുക്കപ്പെട്ട സാന്ന പറഞ്ഞു. 27-ാം വയസ്സിലാണ് സാന്ന ഫിന്നിഷ് രാഷ്ര്ടീയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജന്മനാടായ ടാംപെറിലെ സിറ്റി കൗണ്‍സില്‍ മേധാവിയായി ആദ്യം തന്നെ അവര്‍ തിരഞ്ഞെടുക്കപ്പെട്ടു.


പണിമുടക്കിനെ തുടര്‍ന്ന് കമ്പനികള്‍ക്ക് മൊത്തം 500 ദശലക്ഷം യൂറോയുടെ നഷ്ടമുണ്ടായെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഫിന്നിഷ് ഇന്‍ഡസ്ട്രീസ് പറയുന്നു. ആറുമാസം മുന്‍പാണ് ഫിന്‍ലാല്‍ഡില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മധ്യ-ഇടതു പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിച്ചത്. റെട്ടേഷന്‍ അടിസ്ഥാനത്തില്‍ നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതും ഫിന്‍ലന്‍ഡ് ആണ്. യൂറോപ്യന്‍ യൂണിയന്‍ പുതിയ ബജറ്റ് തയ്യാറാക്കാനുളള ശ്രമത്തിനിടെയുളള നേതൃമാറ്റം വാസ്തവത്തില്‍ ഫിന്‍ലാല്‍ഡിന് ഒരു തലവേദന കൂടിയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K