09 December, 2019 12:58:54 PM


അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു: വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു; നിരവധി പേരെ കാണാതായി



വെല്ലിങ്ടണ്‍: അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച്‌ നിരവധിപേര്‍ക്ക് അപകടം. ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.15 ഓടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരെ തീരത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ അറിയിച്ചു. ഏകദേശം നൂറോളം വിനോദസഞ്ചാരികള്‍ സംഭവസമയത്ത് വൈറ്റ് ഐലന്‍ഡ് ദ്വീപിലുണ്ടായിരുന്നതായും അവരില്‍ ചിലരെ കാണാതായിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു. എത്രപേരെ കാണാതായിട്ടുണ്ടെന്ന് കൃത്യമായ കണക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


ന്യൂസിലന്‍ഡിലെ 70 ശതമാനത്തോളം അഗ്നിപര്‍വതങ്ങളും കടലിനടിയിലാണുള്ളത്. നോര്‍ത്ത് ഐലന്‍ഡിലെ തൗറാംഗ ടൗണിന്‍റെ വടക്കുകിഴക്ക് ഭാഗത്തായാണ് അപകടമുണ്ടായ വൈറ്റ് ഐലന്‍ഡ്. അഗ്‌നിപര്‍വത സ്ഫോടനമുണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളിലേക്ക് പോകരുതെന്ന് പോലീസ് അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ ശാസ്ത്രജ്ഞരും ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് വിനോദസഞ്ചാരികള്‍ വൈറ്റ് ഐലന്‍ഡിലെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K