08 December, 2019 12:04:01 PM
എട്ടു വയസുകാരിയെ വിവസ്ത്രയാക്കി പരിശോധിച്ച് പൊലീസ്; ജയിലില്‍ പിതാവിനെ കാണാനെത്തിയതാണ് കുട്ടി
വെര്‍ജിനീയ: ജയിലില്‍ പിതാവിനെ കാണാനെത്തിയ എട്ടു വയസുകാരിയെ വിവസ്ത്രയാക്കി പരിശോധിച്ച് പൊലീസ്. വെര്‍ജീനിയയിലാണ് സംഭവം. വിവാദമായതോടെ പൊലീസ് അധികൃതര്‍ മാപ്പ് പറഞ്ഞു. അച്ഛന്‍റെ പെണ്‍സുഹൃത്തിനൊപ്പം എത്തിയ പെണ്‍കുട്ടി വസ്ത്രങ്ങള്‍ അഴിച്ചുള്ള പരിശോധനയ്ക്ക് തയാറായില്ലെങ്കില്‍ അച്ഛനെ കാണാന്‍ കഴിയിലില്ലെന്നായിരുന്നു ജയിലധികൃതരുടെ പക്ഷം.
പെണ്‍കുട്ടി അവളുടെ അമ്മയ്ക്ക് 'അമ്മ, ഞാനിപ്പോള്‍ ഭ്രാന്തമായ ഒരവസ്ഥയിലാണുള്ളത്. ജയില്‍ അധികൃതര്‍ എന്‍റെ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി' എന്ന സന്ദേശമയച്ചു. നിന്‍റെ പാന്‍റ്സും അഴിച്ചെടുത്തോ എന്ന് അന്വേഷിച്ചപ്പോള്‍ 'അതേ അമ്മേ, എല്ലാ വസ്ത്രങ്ങളും' എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രണ്ട് വനിത ഉദ്യോഗസ്ഥര്‍ ആദ്യം യുവതിയുടെ ദേഹപരിശോധന നടത്തി.
കുട്ടിയുടെ ദേഹപരിശോധന നടത്തണമോയെന്ന് ചോദിച്ചപ്പോള്‍ ആദ്യം വേണ്ടെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാല്‍ ക്യാപ്‌റ്റനുമായി സംസാരിച്ച് മടങ്ങി വന്ന അവര്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കി പരിശോധിക്കുകയായിരുന്നു. സന്ദര്‍ശകര്‍ ദേഹപരിശോധനയ്ക്ക് വിധേയരാകാന്‍ സമ്മതം മൂളിയില്ലെങ്കില്‍ തടവറയില്‍ കിടയ്ക്കുന്ന അവരുടെ പ്രിയപ്പെട്ടവരെ കാണാന്‍ അനുവദിക്കില്ല. സംഭവം വിവാദമായതോടെ വെര്‍ജീനിയ ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് കറക്ഷന്‍സ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.