05 December, 2019 08:52:32 PM
മരുഭൂമിയിലെ ആടുജീവിതത്തില്‍ നിന്ന് രക്ഷനേടി അന്‍ഷാദ് നാട്ടിലെത്തി
റിയാദ്: സൗദി മരുഭൂമിയില്‍'ആടുജീവിതം'അനുഭവിച്ച അന്‍ഷാദ് ഇന്ന് വൈകിട്ട് നാട്ടിലെത്തി. വ്യാഴാഴ്ച രാവിലെ 9.45നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് അന്‍ഷാദ് പുറപ്പെട്ടത്. നെടുമ്പാശ്ശേരിയിലെത്തിയ അന്‍ഷാദിനെ ഉപ്പ ജലാലുദ്ദീനും ഉമ്മ ലൈലയും ഭാര്യ റാഷിദയും ഏകമകന്‍ ഉമറുല്‍ ഫാറൂഖും ചേര്‍ന്ന് സന്തോഷത്തോടെ വരവേറ്റു. അന്‍ഷാദ് സൗദിയിലേക്ക് വിമാനം കയറുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ പുന്നാര മകനെ ആദ്യമായി കാണാനുള്ള തിടുക്കത്തിലായിരുന്നു അന്‍ഷാദ്.
അന്‍ഷാദിനെ സൗദി തൊഴിലുടമ കൊണ്ടുപോയത് മരുഭൂമിയില്‍ ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുന്ന ജോലിക്കായിരുന്നു. 25 മാസത്തോളം കൊടിയ യാതനയില്‍ മരുഭൂമിയില്‍ അലയേണ്ടി വന്നു. ആട്ടിന്‍പറ്റത്തോടും ഒട്ടക കൂട്ടത്തോടുമൊപ്പം രണ്ടായിരത്തോളം കിലോമീറ്റര്‍ മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു. തളര്‍ന്നിരുന്നുപോയാല്‍ തൊഴിലുടമയും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഒട്ടകത്തിനുള്ള വെള്ളവും മൈദ കൊണ്ടുള്ള റൊട്ടിയുമായിരുന്നു ഭക്ഷണം. രണ്ടുവര്‍ഷത്തിനിടെ കുളിച്ചത് രണ്ടോ മൂന്നോ തവണ മാത്രവും. ശമ്പളം കട്ടിയിട്ടേയില്ല. ഒരിക്കല്‍ രാത്രിയില്‍ തമ്പില്‍ നിന്ന് ഇറങ്ങിയോടി 90 കിേലാമീറ്റര്‍ നടന്ന് മൂന്നു ദിവസം കൊണ്ട് സമൂദ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഒരു മാസത്തിനുള്ളില്‍ നാട്ടിലേക്ക് അയക്കാമെന്ന് പറഞ്ഞ് സ്‌പോണ്‍സര്‍ വന്ന് തിരികെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സ്‌പോണ്‍സര്‍ പൊലീസിനെയും പറഞ്ഞുപറ്റിക്കുകയായിരുന്നു. നാട്ടില്‍ അയക്കാന്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, മരുഭൂമിയിലിട്ട് വീണ്ടും പീഡിപ്പിച്ചു.
ഹഫര്‍ അല്‍ബാത്വിനിലെ ഫ്രേട്ടണിറ്റി ഫോറം പ്രവര്‍ത്തകന്‍ നൗഷാദ് കൊല്ലം, റോയല്‍ ട്രാവല്‍സ് സൗദി പ്രതിനിധി മുജീബ് ഉപ്പട എന്നിവര്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ പൊലീസിനെ സമീപിച്ചതാണ് അന്‍ഷാദിന് രക്ഷപ്പെടാന്‍ ഒടുവില്‍ അവസരമൊരുക്കിയത്. സ്‌പോണ്‍സറെ സമൂദ പൊലീസ് കസ്റ്റഡിയിലെടുക്കുകയും യുവാവിനെ മരുഭൂമിയില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരികയും ചെയ്തു. 25 മാസത്തെ ശമ്പളമായി 24,700 റിയാല്‍ ഗത്യന്തരമില്ലാതെ ഒടുവില്‍ സ്‌പോണ്‍സറും മകനും കൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. എന്നിട്ടും എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സ്‌പോണ്‍സര്‍ അമാന്തം വരുത്തി. എംബസി വെല്‍ഫെയര്‍ വിങ് ഉദ്യോഗസ്ഥന്‍ ഷറഫുദ്ദീന്റെ ഇടപെടലിലൂടെയാണ് ഒടുവില്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് യാത്രക്ക് സൗകര്യമൊരുക്കിയത്.