04 December, 2019 01:14:55 PM


സ്വന്തമായി കൈലാസ രാജ്യം സ്ഥാപിച്ച്‌ നിത്യാനന്ദ; അംഗീകാരത്തിനായി യുഎന്നില്‍ അപേക്ഷ




ടൊബാഗോ : ആശ്രമത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന പരാതിയെത്തുടര്‍ന്ന് നാടുവിട്ട സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചു. ഇക്വഡോറില്‍ നിന്ന് വാങ്ങിയ സ്വകാര്യ ദ്വീപാണ് നിത്യാനന്ദ രാജ്യമാക്കി മാറ്റിയിരിക്കുന്നത്. 'കൈലാസം' എന്ന് പേരിട്ടിരിക്കുന്ന രാജ്യത്തില്‍, സ്വന്തമായി പതാകയും പാസ്പോര്‍ട്ടുമുണ്ട്. കടല്‍ത്തീരത്ത് സ്വന്തമായി നിര്‍മ്മിച്ച പതാകയുടെ അടുത്തിരിക്കുന്ന നിത്യനാനന്ദയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ദ്വീപിനെ രാജ്യമായി അംഗീകരിക്കാന്‍ നിത്യാനന്ദ യുണൈറ്റഡ് നേഷന്‍സിനെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ഹിന്ദുമതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനാല്‍ ഇന്ത്യയില്‍ ത‌ന്‍റെ ജീവിതം അപകടത്തിലാണെന്നും തന്‍റെ വിശ്വാസം സംരക്ഷിക്കാനാണ് ദ്വീപ് രാജ്യമാക്കിയതെന്നും യുഎന്നിന് നല്‍കിയ അപേക്ഷയില്‍ നിത്യാനന്ദ പറയുന്നു. 'മഹത്തായ ഹിന്ദു രാഷ്ട്രം' എന്നാണ് തന്‍റെ രാജ്യത്തെ നിത്യാനന്ദ വെബ്സൈറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ട്രിനിടാഡിനും ടൊബാഗോയ്ക്കും ഇടയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

രാജ്യത്തിന് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിസഭയുമുണ്ട്. രാജ്യത്തിന്‍റെ പൗരത്വം ലഭിക്കാനായി അപേക്ഷിക്കാനും സംഭാവനകള്‍ നല്‍കാനും നിത്യാനന്ദ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രകാശപൂരിതമായ ജീവിതം നയിക്കാനാണ് ഈ ഹിന്ദു രാഷ്ട്രം എന്നാണ് കൈലാസയുടെ ഒഫിഷ്യല്‍ വെബ്സൈറ്റില്‍ പറയുന്നത്. ഹിന്ദു മതത്തിന്‍റെ മഹത്തായ സംസ്‌കാരം തിരിച്ചുകൊണ്ടുവരാനാണ് ഈ ചുവടുവയ്പ്പെന്നും സൈറ്റില്‍ അവകാശവാദമുണ്ട്.

രാജ്യത്തേക്ക് വരാന്‍ രണ്ട് നിറത്തിലുള്ള പസ്പോര്‍ട്ടുകളാണുള്ളത്. ഒന്ന് മഞ്ഞ നിറവും മറ്റേതിന് ചുവപ്പും. നിത്യാനനന്ദയെയും നന്ദിയെയും രേഖപ്പെടുത്തിയതാണ് രാജ്യത്തിന്‍റെ പതാക, എല്ലാ ദിവസും നിത്യാനന്ദ തന്‍റെ രാജ്യത്ത് ക്യാബിനറ്റ് മീറ്റിംഗ് കൂടാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സ്വന്തം രാജ്യത്ത് വിശ്വാസം സംരക്ഷിക്കാന്‍ സാധിക്കാത്ത എല്ലാ ഹിന്ദുക്കള്‍ക്കും ഈ ദ്വീപിലേക്ക് വരാമെന്നും ഇതിന് അതിരുകളില്ലെന്നും കൈലാസയുടെ സൈറ്റില്‍ പറയുന്നു. ഭരണത്തിനായി ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമുണ്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K