24 November, 2019 10:29:03 PM
കോംഗോയിലെ നോര്‍ത്ത് കിവുവില്‍ യാത്രാവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് 24 പേര് മരണം
ഗോമ (കോംഗോ): കിഴക്കന്‍ ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ യാത്രാവിമാനം വീടുകള്‍ക്കു മേല്‍ തകര്‍ന്നുവീണ് 24 പേര് മരിച്ചു. നോര്‍ത്ത് കിവുവില്‍ ജനവാസ മേഖലയിലാണു വിമാനം തകര്‍ന്നുവീണത്. നോര്‍ത്ത് കിവു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടന്‍ വിമാനം കാണാതാവുകയും കുറച്ചു സമയത്തിനുശേഷം സമീപത്തെ ജനവാസകേന്ദ്രത്തില്‍ തകര്‍ന്നു വീഴുകയുമായിരുന്നു. വിമാനത്തില്‍ 17 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വീടുകള്‍ തകര്‍ന്നു കൊല്ലപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ഉള്‍പ്പെടുന്നു. നോര്‍ത്ത് കിവുവില്നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഗോമയിലെ ബേനിയിലേക്കു പോവുകയായിരുന്ന ബസി ബീയുടെ ഉടമസ്ഥതയിലുള്ള ഡോര്‍ണിയര്‍ 228 ഇരട്ട എന്ജിന് വിമാനമാണു തകര്‍ന്നത്.