20 November, 2019 05:55:44 AM
ബെഹ്റയ്ക്കു ലോക്കല്‍ പൊലീസിനെക്കാള്‍ വിശ്വാസം ക്രൈം ബ്രാഞ്ചില്‍; പെറ്റിക്കേസുകള്‍ ക്രൈം ബ്രാഞ്ചിന് വേണ്ടെന്ന് തച്ചങ്കരി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ലോക്കൽ പൊലീസിനെക്കാൾ വിശ്വാസം ക്രൈംബ്രാഞ്ചിൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡിജിപി നേരിട്ട് 750 കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറി. ഇതിനു പുറമേ സർക്കാർ ഉത്തരവു പ്രകാരം 50 കേസുകളും കോടതി വഴി 20 കേസുകളുമെത്തി. എന്നാൽ പെറ്റിക്കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കേണ്ടെന്ന നിലപാടിൽ ഇത്തരത്തിലുള്ള ഇരുനൂറ്റിയൻപതിലേറെ കേസുകൾ ലോക്കൽ പൊലീസിലേക്കു മടക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി, ബെഹ്റയ്ക്കു റിപ്പോർട്ട് നൽകി.
ഓരോ കേസും എന്തുകൊണ്ടു ക്രൈംബ്രാഞ്ച് അന്വേഷിക്കേണ്ടതില്ലെന്ന കാരണവും വ്യക്തമാക്കി. ഇത്തരം കൂടുതൽ കേസുകൾ ഉണ്ടോയെന്നു പരിശോധിക്കാൻ യൂണിറ്റ് മേധാവികൾക്കു നിർദേശവും നൽകി. ഇനി ക്രൈംബ്രാഞ്ചിന് ഏതെങ്കിലും കേസ് കൈമാറിയാല്‍ 15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം നടത്തും. അല്ലാത്തവ ലോക്കല്‍ പൊലീസിലേക്കു മടക്കും. കേസുകളുടെ ബാഹുല്യം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതായും ക്രൈംബ്രാഞ്ച് ഉന്നതര്‍ വിലയിരുത്തി.