17 November, 2019 12:48:36 PM
കരാറില്‍ അപാകതയെന്ന് സിഈ; ഏറ്റുമാനൂര്‍ നഗരസഭാ വ്യാപാരസമുശ്ചയം നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ നീക്കം
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയുടെ പുതിയ വ്യാപാരസമുശ്ചയത്തിന്‍റെയും മള്‍ട്ടിപ്ലക്സ് തീയറ്ററുകളുടെയും നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ സാധ്യത. കരാര്‍ നല്‍കിയതില്‍ വന്‍ക്രമക്കേട് നടന്നെന്ന നഗരസഭാ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് ചീഫ് എഞ്ചിനീയര്‍ ശരിവെച്ചതിനെ തുടര്‍ന്നാണ് നിര്‍മ്മാണം നിര്‍ത്തിവെപ്പിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നത്. പണികള്‍ നിര്‍ത്തിവെപ്പിക്കാനാണ് നഗരസഭാ എഞ്ചിനീയറുടെ ഉപദേശമെന്നും ഇത് സംബന്ധിച്ച തീരുമാനം ബുധനാഴ്ച നടക്കുന്ന കൌണ്‍സിലില്‍ കൈകൊള്ളുമെന്നും നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പറഞ്ഞു.
കെട്ടിടനിര്‍മ്മാണത്തിന് കരാര്‍ വെച്ചതുമുതലുള്ള കാര്യങ്ങളില്‍ ക്രമക്കേട് ചൂണ്ടികാട്ടി നഗരസഭാ എഞ്ചിനീയര്‍ ചെയര്‍മാന് കത്ത് നല്‍കിയത് കൈരളി വാര്‍ത്തയാണ് പുറത്ത് കൊണ്ടുവന്നത്. വ്യാപാരസമുശ്ചയത്തിന്‍റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്ത കേന്ദ്ര സര്‍ക്കാര്‍ എജന്‍സിയായ വാപ്കോസിന് സെന്‍റേജ് ചാര്‍ജായി 44 ലക്ഷം രൂപ നല്‍കുവാന്‍ നഗരസഭാ കൌണ്‍സില്‍ തീരുമാനിക്കുകയും ഫയല്‍ പുതുതായി ചാര്‍ജെടുത്ത അസിസ്റ്റന്‍റ് എഞ്ചിനീയറുടെ പക്കല്‍ എത്തുകയും ചെയ്തതോടെയാണ് ക്രമക്കേടുകളുടെ ചുരുളഴിയുന്നത്.
താന്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ കൌണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട എഞ്ചിനീയര്‍ക്കെതിരെ ഒരു വിഭാഗം ഭരണസമിതിയംഗങ്ങള്‍ തിരിഞ്ഞു എന്നു മാത്രമല്ല, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പത്രപ്രസ്താവനയുമായി ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് രംഗത്തു വരികയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകനെതിരെ ചെയര്‍മാന്‍ നല്‍കിയ പ്രസ്താവന സത്യാവസ്ഥകള്‍ മനസിലാക്കാന്‍ തയ്യാറാകാതെ കോട്ടയത്തെ പ്രമുഖപത്രം വളരെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നഗരസഭാ എഞ്ചിനീയര്‍ കത്ത് നല്‍കി ഒരു മാസമാകാറായിട്ടും വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍ ചെയര്‍മാന്‍ തയ്യാറാകാതെ വന്നതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. ഇതോടെ കൌണ്‍സില്‍ വിളിച്ച് സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി കൂടുതല്‍ കൌണ്‍സിലര്‍മാര്‍ രംഗത്തെത്തി. പ്രശ്നം ഗുരുതരമാകുമെന്ന് മനസിലാക്കിയ ചെയര്‍മാന്‍ തദ്ദേശസ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയറുടെ ഉപദേശം തേടുകയായിരുന്നു.
ആഗസ്ത് 26, ഒക്ടോബര്‍ 21 തീയതികളില്‍ ചെയര്‍മാന്‍ നല്‍കിയ കത്തിന് നവംബര്‍ 2ന് ചീഫ് എഞ്ചിനീയര്‍ നല്‍കിയ മറുപടി പ്രവൃത്തിയുടെ നിര്‍വ്വഹണത്തിന് വാപ്കോസ് ലിമിറ്റഡിനെ തിരഞ്ഞെടുത്തതില്‍ സ്വീകരിച്ച നടപടിക്രമങ്ങളില്‍ അപാകതകള്‍ ഉണ്ടെന്ന് ശരിവെക്കുന്നതായിരുന്നു. വാപ്കോസ് നടത്തിയ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ നിലവിലെ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണോ എന്ന് പരിശോധിക്കണമെന്നും കരാര്‍ ഉടമ്പടിയില്‍ ഭേദഗതികള്‍ വരുത്തി അപാകതകള്‍ ക്രമവല്‍ക്കരിക്കുന്നതിന് അനുബന്ധരേഖകള്‍ സഹിതം സര്‍ക്കാരിന് പ്രൊപ്പോസല്‍ നല്‍കാവുന്നതാണെന്നും ചീഫ് എഞ്ചിനീയര്‍ തന്‍റെ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
സ്വകാര്യ ബസ് സ്റ്റാന്‍റിലേക്കുള്ള വഴിയില്‍ ചിറക്കുളത്തിനോട് ചേര്‍ന്ന് എം.സി. റോഡിന് അഭിമുഖമായി 58 കടമുറികളും 240 സീറ്റുകളുള്ള മള്‍ട്ടിപ്ലക്സ് സിനിമാ തീയറ്ററും അടങ്ങുന്നതാണ് വിവാദമായ പദ്ധതി. പദ്ധതിയുടെ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ വിളിക്കേണ്ടതും പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി (പിഎംസി)യെ കണ്ടെത്തേണ്ടതും നിര്‍വ്വഹണ ഉദ്യോഗസ്ഥനായ നഗരസഭാ അസിസ്റ്റന്‍റ് എഞ്ചിനീയറാണ്. എന്നാല്‍ ഇതിനുപകരം നഗരസഭാ സെക്രട്ടറി അക്രഡിറ്റഡ് ഏജന്‍സികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിക്കുകയും അതില്‍ വാപ്കോസ് ലിമിറ്റഡിന് സെലക്ഷന്‍ മെമ്മോ നല്‍കുകയും ചെയ്തത് ക്രമവിരുദ്ധമായിട്ടാണെന്നാണ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ചൂണ്ടികാട്ടിയത്.
ചീഫ് എഞ്ചിനീയര്‍ അപാകതകള്‍ ശരിവെച്ച നിലയ്ക്ക് ഇനി നിര്‍മ്മാണം തുടരേണ്ടതില്ല എന്ന അഭിപ്രായമാണ് ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ക്കുള്ളത്. ടെന്‍ഡര്‍ നടപടിയ്ക്ക് മുമ്പ് ചെയ്യേണ്ട പത്രപരസ്യം പോലും നല്‍കാതെ രഹസ്യമായി താല്‍പര്യപത്രം ക്ഷണിച്ച് നടത്തിയത് തെറ്റായി പോയിയെന്ന് ഇപ്പോള്‍ ചെയര്‍മാനും സമ്മതിക്കുന്നു. പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള വാപ്കോസുമായി നഗരസഭ കരാറിലേര്‍പെട്ടത് പിഎംസി എന്ന നിലയ്ക്ക് മാത്രമല്ല. എഞ്ചിനീയറിംഗ് വിഭാഗത്തിന് ഒരു പങ്കുമില്ലാതെ മുഴുവന്‍ നിര്‍മ്മാണവും നടത്തി കെട്ടിടം നഗരസഭയ്ക്ക് കൈമാറാമെന്ന നിലയിലുമായിരുന്നു.
നഗരസഭയ്ക്ക് ഒരു എഞ്ചിനീയറിംഗ് വിഭാഗം നിലവിലുള്ളപ്പോള്‍ ഈ രീതിയില്‍ 27 കോടിയും വാപ്കോസിനെ ഏല്‍പ്പിച്ച് അവര്‍ക്കിഷ്ടമുള്ള സ്വകാര്യ കമ്പനിയെകൊണ്ട് നിര്‍മ്മാണം നടത്തിക്കുന്നതിലുള്ള എതിര്‍പ്പും അംഗങ്ങള്‍ പ്രകടിപ്പിച്ചു. പാലാരിവട്ടം പാലം പോലെ ക്രമക്കേടുകള്‍ നിറഞ്ഞ ഈ നിര്‍മ്മാണപ്രവര്‍ത്തിക്ക് കൂട്ടുനിന്ന് ഭാവിയില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറല്ലെന്ന് അസിസ്റ്റന്‍റ് എഞ്ചിനീയറും തുറന്നടിച്ചു. അതുകൊണ്ട് തന്നെയാണ് ക്രമവല്‍ക്കരിച്ച് സര്‍ക്കാര്‍ അനുമതി ലഭിച്ചാലേ തുക കൈമാറാനാവൂ എന്ന് എഞ്ചിനീയര്‍ തുടക്കത്തിലേ കുറിപ്പെഴുതിയത്. 2017ലെ ഹൈക്കോടതി വിധിയ്ക്ക് വിരുദ്ധമായി നഗരസഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് നിയമോപദേശം തേടണമെന്നും പിഎംസി ബിഡുകള്‍ ക്ഷണിച്ചതിലുള്ള അപര്യാപ്തതകള്‍ ക്രമവല്‍ക്കരിക്കുന്നതിന് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചും ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തിയ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കത്താണ് മാസങ്ങളോളം വെളിച്ചം കാണാതെയിരുന്നത്.
നിര്‍മ്മാണം ഏറ്റെടുത്ത വാപ്കോസ് നിര്‍മ്മാണത്തിന്‍റെ പുരോഗതികള്‍ നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തെ ഇന്നേവരെ അറിയിച്ചിട്ടില്ല. 18 മാസംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കരാര്‍ ഏറ്റെടുത്ത വാപ്കോസ് ആകട്ടെ ഒരു സ്വകാര്യ കമ്പനിയ്ക്ക് സബ്കോണ്‍ട്രാക്ട് നല്‍കി. 4500ഓളം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തിന്‍റെ അടങ്കല്‍ തുകയായ 27 കോടി രൂപ പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിട്ടുള്ള തുകയുടെ മൂന്നിരട്ടിയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. കേരളാ അര്‍ബന്‍ റൂറല്‍ ഡെവലപ്പ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍നിന്നും വായ്പയായി ലഭിക്കുന്ന 15 കോടി രൂപയും നഗരസഭയുടേയും കടകള്‍ വാടകയ്ക്ക് എടുക്കുന്ന വ്യാപാരികളുടെയും വിഹിതമായി 12 കോടി രൂപയുമാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം തികയുമ്പോള്‍ മാസതവണകളായി വായ്പാ തിരിച്ചടവ് തുടങ്ങും. എന്നാല്‍ മുതലും പലിശയും കൂടി കോടികള്‍ തന്നെ തിരിച്ചടവിന് വേണ്ടിവരും. ഇതോടെ, കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന നഗരസഭയിലെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ വെട്ടിചുരുക്കേണ്ടിവരും. ഇത് വാര്‍ഡ് തലത്തില്‍ നടക്കേണ്ട പദ്ധതികള്‍ എല്ലാം അവതാളത്തിലാകുവാന്‍ കാരണമാകും. നഗരസഭ തുടങ്ങിവെച്ച എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കാനാവാതെ പാതി വഴിയില്‍ നില്‍ക്കുകയാണ്. ഈ ഗണത്തിലേക്ക് പുതിയ ഒരെണ്ണം കൂടി വേണ്ടെന്നുള്ള അഭിപ്രായമാണ് അംഗങ്ങള്‍ക്കിയടില്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. മാത്രമല്ല വാപ്കോസിന് പണം കൈമാറാനുമാവില്ല. അതുകൊണ്ടുതന്നെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനമെടുക്കാനാണ് ഭൂരിഭാഗം അംഗങ്ങള്‍ക്കും താല്‍പര്യം.