10 November, 2019 11:58:45 AM


സ്ത്രീകള്‍ മല കയറുമോ? അയോദ്ധ്യയ്ക്കു ശേഷം ശബരിമല; 65 റിവ്യൂ ഹര്‍ജികളില്‍ അടുത്തയാഴ്ച വിധി



ദില്ലി: അയോദ്ധ്യ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രീംകോടതി വിധി പുറത്തുവന്നതോടെ എല്ലാവരും ഇനി ഉറ്റുനോക്കുന്നത് ശബരിമലയിലേക്ക്. കഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ന്നുവന്ന ശബരിമല പ്രശ്‌നത്തില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് അടുത്തയാഴ്ച വിധിപറയുമെന്നാണ് സൂചന.


ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ 65 റിവ്യൂ ഹര്‍ജികളാണ് മുന്നിലുള്ളത്. അതേസമയം അയോദ്ധ്യാ വിധിയുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ സുപ്രീംകോടതിയുടെ കണ്ടെത്തലുകള്‍ ശബരിമലയിലും ബാധകമാകുമെന്ന് വിശ്വസിക്കുന്ന നിയമവിദഗ്ദ്ധര്‍ ഏറെയാണ്. അങ്ങിനെ വന്നാല്‍ വിശ്വാസത്തിന് മുന്‍തൂക്കം നല്‍കുമെന്നും വിധി സ്ത്രീകള്‍ക്ക് എതിരായേക്കാമെന്നും ഇവര്‍ പ്രവചിക്കുന്നു. രാമജന്മഭൂമിയില്‍ ഭൂമി രാമന്റെ ജന്മസ്ഥലമാണോ എന്നതായിരുന്നില്ല സുപ്രീംകോടതി പരിഗണിച്ചത്. പകരം അത്തരം ഒരു വിശ്വാസം ഹിന്ദുക്കള്‍ പിന്തുടര്‍ന്നിരുന്നു എന്നതിനായിരുന്നു പ്രധാന്യം നല്‍കിയത്. ഇക്കാര്യം പരിഗണിക്കുമ്പോള്‍ ശബരിമലയിലും വിശ്വാസത്തിനാകും പ്രാധാന്യം കിട്ടാന്‍ പോകുക എന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


സ്ത്രീകളുടെ ഭരണഘടനാ അവകാശത്തിനപ്പുറത്ത് ശബരിമലയിലെ പ്രധാന വാദവും വിശ്വാസത്തെ കേന്ദ്രീകരിച്ചുള്ളതാകും.ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കുന്നതിന് ശാസ്ത്രീയമായ കാരണങ്ങളൊന്നുമില്ലെങ്കിലും ഭക്തര്‍ അങ്ങിനെ വിശ്വസിക്കുകയാണ്. ആര്‍ത്തവ കാലയളവില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനയ്ക്ക് എതിരാണെന്നും എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നുമാണ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018 ല്‍ വിധിച്ചത്.


ഇതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ പ്രതിഷ്ഠയുടെ ബ്രഹ്മചര്യം കണക്കിലെടുത്താണ് സ്ത്രീകളെ ശ്രീകോവിലിലേക്ക് പ്രവേശിപ്പിക്കാത്തത് എന്നാണ് ഹര്‍ജിക്കാര്‍ നല്‍കിയിരിക്കുന്ന വാദം. ഭരണഘടനാപരമായ വാദങ്ങള്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് അപ്പുറത്ത് നില്‍ക്കുന്നതാണെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളത്. ശബരിമല വിധി പുറപ്പെടുവിച്ച അഞ്ചംഗ ബഞ്ചിലെ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര വിധിയില്‍ വിയോജനകുറിപ്പ് നല്‍കിയിരുന്നു. തന്റെ വിശ്വാസം തന്റേത് തന്നെയാണെന്നും ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാകില്ലെന്നുമാണ് ഇന്ദു മല്‍ഹോത്ര അന്ന് വിധിയില്‍ രേഖപ്പെടുത്തിയത്.


അയോധ്യയില്‍ ചരിത്ര വിധി നടത്തിയ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയ്ക്ക് ശബരിമല ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളാണ് നവംബര്‍ 17 ന് വിരമിക്കുന്നതിന് മുമ്പായി മുന്നിലുള്ളത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരുമോ എന്ന വിഷയത്തിലും ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പറയും. സുപ്രീംകോടതിയും ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന് കീഴില്‍വരുമെന്ന ദില്ലി ഹൈക്കോടതി വിധിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. റഫാല്‍ കേസാണ് മറ്റൊന്ന്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ, ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. 2018 ഡിസംബര്‍ 14ന് കരാറിനെ വെല്ലുവിളിച്ചുകൊണ്ട് നല്‍കിയ ഹര്‍ജികള്‍ റദ്ദാക്കിയ വിധിയാണ് പുനഃപരിശോധിക്കുക.


കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് മീനാക്ഷിലേഖി നല്‍കിയ ഹര്‍ജിയും രഞ്ജന്‍ ഗോഗോയിയ്ക്ക് മുന്നിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ട് കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹേ) എന്ന പരാമര്‍ശം നടത്തിയിരുന്നു. റഫാല്‍ കരാറില്‍ മോദിയുടെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ രാഹുല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലേഖിയെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി രംഗത്തെത്തുകയും സുപ്രീംകോടതിയോട് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സാമ്പത്തിക നിയമം 2017ന്റെ ഭരണഘടനാ സാധ്യത ആരാഞ്ഞ് സുപ്രീംകോടതി കേന്ദ്രത്തിന് നല്‍കിയ നോട്ടീസിലും നവംബറില്‍ വിധിയുണ്ടാവും. ദേശീയ ഹരിത ട്രിബ്യൂണലിനെയടക്കം ബാധിക്കുന്ന വിധിയാണിത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K