30 October, 2019 10:28:14 AM
റാസല്‍ഖൈമയില്‍ അത്ഭുതം സൃഷ്ടിച്ച് ചാകര ; ഒറ്റവീശലില്‍ വലയിലായത് അമ്പത് ടണ്‍ മീന്‍
റാസല്‍ഖൈമ : അത്ഭുതകരമായ മീന്‍ ചാകര കണ്ട് മത്സ്യത്തൊഴിലാളികളും കടല്‍ തീരത്തെത്തിയവരും ഞെട്ടി. യുഎഇ റാസല്‍ഖൈമ നഗരത്തില്‍ നിന്ന് വടക്ക് 40 കിലോമീറ്റര്‍ അകലെയുളള ഷാം കടല്‍ത്തീരത്താണ് കഴിഞ്ഞ ദിവസം വന്‍ ചാകര ഉണ്ടായത്. ശനിയാഴ്ച മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികള്‍ക്കാണ് അപ്രതീക്ഷിതമായി ആയിരക്കണക്കിന് മത്സ്യങ്ങള്‍ ലഭിച്ചത്. 50 ട്രക്കുകളിലായാണ് ലഭിച്ച മത്സ്യം കൊണ്ടുപോയതെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
മേഖലയില്‍ നാലുവര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ചാകരയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മൂന്നു പ്രദേശിക മത്സ്യത്തൊഴിലാളികും ഒരു എഷ്യന്‍ തൊഴിലാളിയും ചേര്‍ന്ന് പിടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മൂന്നു തൊഴിലാളികളില്‍ ഒരാളായ അബ്ദുല്ല മുഹമ്മദ് പറയുന്നത് ഏതാണ്ട് 50 ടണ്‍ ലഭിച്ചത് എന്നാണ്. ഷാം തീരത്ത് വൈകിട്ട് ഏതാണ്ട് 3.30 ന് ആണ് എത്തിയത്. പ്രത്യേകതരം രീതിയിലാണ് മീന്‍പിടിച്ചത്. ഇതിനായി പ്രത്യേക തരത്തിലുളള വലകളാണ് ഉപയോഗിക്കുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏതാണ്ട് 20 ടണ്‍ മത്സ്യമാണ് ലഭിച്ചത്. സാധാരണയായി കുറഞ്ഞവിലയ്ക്ക് വില്‍ക്കുന്ന ഡയയൂ ഇനത്തിലുളള കുടിയേറ്റ മത്സ്യമാണ് കരയിലെത്തിയതെന്ന് മത്സ്യത്തൊഴിലാളി സൊസൈറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ ഹുമൈദ് അല്‍ സാബി വ്യക്തമാക്കി. ഇത്രയധികം മത്സ്യം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ഏഷ്യന്‍ തൊഴിലാളിയായ മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. ഇത് ദൈവത്തിന്റെ അനുഗ്രഹമാണ്. മുന്‍പ് ഉണ്ടായ നഷ്ടങ്ങളൊക്കെ തീര്‍ക്കാന്‍ ഇതു സഹായിക്കും അദ്ദേഹം കൂട്ടിചേര്‍ത്തു.