27 October, 2019 11:44:52 AM


ഐഎസ് തലവന്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു ? ഒരു വലിയ കാര്യം സംഭവിച്ചുവെന്ന് ട്രംപിന്‍റെ ട്വീറ്റ്




വാഷിംഗ്ടണ്‍: സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്(ഐഎസ്) ഭീകരര്‍ക്കെതിരെ സൈനിക നീക്കം നടത്തിയെന്ന സൂചന നല്‍കി വൈറ്റ് ഹൗസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ സുപ്രധാന പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകും. ഇതിനു പിന്നാലെ ഒരു വലിയ കാര്യം സംഭവിച്ചിരിക്കുന്നു എന്ന ട്രംപിന്റെ ട്വീറ്റ് പുറത്തുവന്നതോടെയാണ് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ലോകം ഉറ്റുനോക്കുന്നത്.


അമേരിക്ക നടത്തിയ സൈനിക നീക്കത്തില്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. സിറിയയില്‍ ഐഎസിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ട്രംപ് അനുമതി നല്‍കിയിരിന്നു. അല്‍ ബാഗ്ദാദിയെ ലഷ്യമിട്ടായിരുന്നു അമേരിക്കന്‍ സേനയുടെ നീക്കമെന്നാണ് സൂചന. രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് യുഎസ് ഉദ്യോഗസ്ഥന്‍ സിറിയയില്‍ ഓപ്പറേഷന്‍ നടത്തിയതായി സ്ഥിരീകരിച്ചത്. ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലില്‍ പെന്റഗണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


എന്നാല്‍ ഇതിനു പിന്നാലെ യുഎസ് സമയം രാവിലെ ഒന്‍പത് മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് ആറുമണി) വലിയ പ്രസ്താവന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ലോകത്തെ അറിയിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ഹോഗണ്‍ ഗിഡ്‌ലി പറഞ്ഞു. 2010 ലാണ് ബാഗ്ദാദി ഭീകരസംഘടനായായ ഐഎസിന്റെ തലവനാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിഞ്ഞുവരികയാണ്. അല്‍ഖൈ്വയ്ദയെ ലയിപ്പിച്ചതിനു ശേഷമാണ് ഐസഐഎസ് എന്ന് പേര് സ്വീകരിച്ചത്. ബാഗ്ദാദിയെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി 60 കോടി രൂപയാണ് യുഎസ് വിദേശകാര്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K