18 October, 2019 12:21:12 AM
സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം ബസ് കത്തിയമര്‍ന്ന് 35 മരണം; മരിച്ചവരില്‍ മഹാരാഷ്ട്ര സ്വദേശി യുവതിയും
റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം ഹിജ്റ റോഡില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കത്തിയമര്‍ന്ന് 35 പേര്‍ മരിച്ചു. നാല് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണുമാന്തിയന്ത്രവുമായി കൂട്ടിയിടിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു. മരിച്ചവരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുമുണ്ടെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
മൃതദേഹങ്ങള്‍ എല്ലാംതന്നെ കത്തിക്കരിഞ്ഞ നിലയിലായതുകൊണ്ട് തിരിച്ചറിയുക ദുഷ്കരമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബസില്‍ മലയാളികളുണ്ടോ എന്നത് സംബന്ധിച്ച് സൂചനകളില്ല. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 39 പേരാണ് ബസിലുണ്ടായിരുന്നത്. ബംഗ്ലാദേശ് പൗരന്മാര്‍ നടത്തുന്ന സിയാറ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ഉംറ ബസില്‍ കൂടുതലും ബംഗ്ലാദേശ്, ഇന്തോനേഷ്യന്‍ പൗരന്മാരായിരുന്നു. നാല് ദിവസത്തെ മക്ക, മദീന സന്ദര്‍ശനത്തിനാണ് സംഘം പുറപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.