16 October, 2019 01:55:50 AM
ബുക്കർ സമ്മാനം പങ്കിട്ട് മാർഗരറ്റ് അറ്റ്വുഡും ബർനാർഡിൻ എവരിസ്റ്റോയും
ലണ്ടൻ: കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്വുഡ്, ആംഗ്ളോ നൈജീരിയൻ എഴുത്തുകാരി ബർനാർഡിൻ എവരിസ്റ്റോ എന്നിവർ ഈ വർഷത്തെ ബുക്കർ സമ്മാനം പങ്കിട്ടു. രണ്ടുപേരും ഒരേപോലെ മികവുള്ളവരായതിനാൽ ഒന്നിൽക്കൂടുതൽ പേരെ സമ്മാനത്തിനു തെരഞ്ഞെടുക്കരുതെന്ന നിബന്ധന ഇത്തവണ തങ്ങൾക്കു ലംഘിക്കേണ്ടിവന്നുവെന്ന് ജഡ്ജിമാരുടെ പാനലിന്റെ തലവൻ പീറ്റർ ഫ്ളോറൻസ് പറഞ്ഞു. സമ്മാനത്തുകയായ 63000ഡോളർ ഇരുവരും വീതിച്ചെടുക്കും. യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിച്ച ഇംഗ്ളീഷിലുള്ള ഏറ്റവും മികച്ച നോവലിനാണു ബുക്കർ നൽകുന്നത്.
മാർഗരറ്റ് അറ്റ്വുഡിന്റെ ദി ടെസ്റ്റാമെന്റ്സ് എന്ന കൃതിയാണ് പുരസ്കാരം നേടിയത്. 79കാരിയായ അറ്റ്വുഡ് രണ്ടാംതവണയാണു ബുക്കർ നേടുന്നത്. ദ ബ്ളൈൻഡ് അസാസിൻ എന്ന കൃതിക്ക് 2000ത്തിൽ ബുക്കർ കിട്ടി. ലണ്ടനിൽ താമസക്കാരിയായ എവരിസ്റ്റോയുടെ ഗേൾ, വുമൻ, അദർ എന്ന നോവലിനാണു പുരസ്കാരം.ബുക്കർ നേടുന്ന ആദ്യത്തെ കറുത്തവർഗക്കാരിയാണ്. ഫെമിനിസം, വംശം തുടങ്ങിയ വിഷയങ്ങൾ ആഴത്തിൽ പഠനവിധേയമാക്കുന്ന ഈ രചന അറുപതുകാരിയായ എവരിസ്റ്റോയുടെ എട്ടാമത്തെ കൃതിയാണിത്.