29 September, 2019 12:40:26 PM
ഡൊണാള്‍ഡ് ട്രംപുമായി രഹസ്യബന്ധം അവകാശപ്പെട്ട നീലച്ചിത്ര നടിക്കു 3.15 കോടി രൂപ നഷ്ടപരിഹാരം
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി രഹസ്യ ബന്ധമുണ്ടായിരുന്നതായി അവകാശപ്പെട്ട നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിന് നാലര ലക്ഷം ഡോളർ (3.15 കോടി രൂപ) നഷ്ടപരിഹാരം. കഴിഞ്ഞ വർഷം ഒഹായോയിലെ കൊളംബസ് നഗരത്തിൽ നിശാക്ലബ്ബിൽ കാണികളിലൊരാളെ ദേഹത്തു തൊടാൻ അനുവദിച്ചെന്ന് ആരോപിച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്യായമാണെന്നും ചൂണ്ടിക്കാട്ടി സ്റ്റോമി നൽകിയ ഹർജിയിലാണു നഷ്ടപരിഹാര വിധി.
സിറെൻസ് സ്ട്രിപ്പ് ക്ലബ്ബിൽ സ്ട്രിപ്പറായി ജോലി ചെയ്യുന്ന സ്റ്റോമി, നൃത്തം ചെയ്യുന്നതിനിടെ കാണികളിലൊരാളെ ദേഹത്തു തൊടാൻ അനുവദിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അർധനഗ്നയായി ഡാൻസ് ചെയ്യുന്നതിനിടെ ക്ലബ്ബിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നെന്ന് സ്റ്റോമിയുടെ അഭിഭാഷകൻ പറയുന്നു. ക്ലബ്ബിലുണ്ടായിരുന്ന ഡിറ്റക്ടീവുകളിൽ ഒരാളെയും സ്റ്റോമി പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നും പോലീസ് ആരോപിച്ചു. നടപടി വിവാദമായതോടെ 24 മണിക്കൂറിനുള്ളിൽ ഇവരെ പോലീസ് വിട്ടയച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന നടിയാണു ഡാനിയൽസ്. 2006-ൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്റിനിടെ ട്രംപ് ബന്ധം പുലർത്തിയെന്നായിരുന്നു സ്റ്റോമിയുടെ അവകാശവാദം. ട്രംപിന്റെ വിവാഹശേഷമായിരുന്നു ഇത്. 2005-ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്. ബന്ധം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ ട്രംപ് തനിക്കു പണം നൽകിയെന്നും കരാർ പ്രകാരം 13,000 ഡോളർ തനിക്ക് ലഭിച്ചെന്നും സ്റ്റോമി പിന്നീട് പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്തും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ട്രംപിനെതിരെ നിരവധി ലൈംഗികാരോപണങ്ങൾ ഉയർന്നിരുന്നു. 16 ലൈംഗികാരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ആരോപണങ്ങൾ മറികടന്ന് ട്രംപ് യുഎസ് പ്രസിഡന്റ് പദത്തിൽ എത്തി. നിലവിൽ ഇംപീച്ച്മെന്റ് ഭീഷണിയിലാണു ട്രംപ്.