07 September, 2019 07:05:38 PM
'നിങ്ങളുടെ നേട്ടങ്ങള്‍ പ്രചോദനം, ഇനിയും ഒന്നിച്ച് പ്രവർത്തിക്കാം'; ഐഎസ്ആർഒയെ അഭിനന്ദിച്ച് നാസ
വാഷിംഗ്ടണ്‍: പൂർണ വിജയത്തിലെത്തിയില്ലെങ്കിലും ഇന്ത്യയുടെ ചന്ദ്രയാൻ-2 ദൗത്യത്തിൽ ഐഎസ്ആർഒയെ പ്രശംസിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA). ഐഎസ്ആർഒയുടെ നേട്ടങ്ങൾ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട് ലക്ഷ്യം പൂർണമായി നേടാനാവാതെവന്ന സാഹചര്യത്തിലാണ് നാസയുടെ പ്രതികരണം.
ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്ആർഒയുടെ ചന്ദ്രയാൻ-2 ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. വരുംകാല ബഹിരാകാശ പദ്ധതികൾ നമുക്ക് ഒരുമിച്ച് യാഥാർഥ്യമാക്കാം എന്നു പ്രതീക്ഷിക്കുന്നു', നാസയുടെ ട്വീറ്റിൽ പറയുന്നു.
ജൂലായ് 22-നു വിക്ഷേപിച്ച ചന്ദ്രയാൻ-2 നാലുലക്ഷം കിലോമീറ്ററോളംതാണ്ടി ശനിയാഴ്ച പുലർച്ചെ 1.38-ന് ചന്ദ്രനിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലെത്തിയിരുന്നു. തുടർന്ന് ദക്ഷിണധ്രുവം ലക്ഷ്യമാക്കി 'വിക്രം' ലാൻഡറിനെ ഇറക്കാനായിരുന്നു ശ്രമം. എന്നാൽ സോഫ്റ്റ് ലാൻഡിങ്ങിനുള്ള ശ്രമത്തിനിടെ ലാൻഡർ നിശ്ചയിച്ച പഥത്തിൽനിന്ന് തെന്നിമാറുകയും ചന്ദ്രോപരിതലത്തിന് 2.10 കി.മീ. ദൂരെവെച്ച് ആശയവിനിമയം നഷ്ടമാവുകയുമായിരുന്നു.