01 September, 2019 01:47:28 PM
യുദ്ധം ഒരു പോംവഴിയല്ല; ഇന്ത്യയുമായി ചർച്ചകൾക്ക് തയാറെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി
ഇസ്ലാമാബാദ്: ഇന്ത്യയുമായി ഉപാദികളോടെ ചർച്ചയ്ക്കു തയാറാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി. യുദ്ധം ഒരു പോംവഴിയല്ലെന്നും കാഷ്മീരിലെ രാഷ്ട്രീയ നേതാക്കളെ ഇന്ത്യ വിട്ടയക്കണമെന്നും അവരെ കാണാൻ തന്നെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിബിസിയുടെ ഉർദു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രണ്ടാം ലോകമഹായുദ്ധത്തിനു സമാനമായ സാഹചര്യമാണ് മേഖലയിൽ നിലനിൽക്കുന്നതെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭീഷണിക്കിടെയാണ് ഖുറേഷിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
ചർച്ചകൾ പാകിസ്ഥാൻ ഒരിക്കലും നിരസിച്ചിട്ടില്ല. എന്നാൽ ഇന്ത്യയുടെ ഭാഗത്തുനിന്നും ചർച്ചയ്ക്കുള്ള ശരിയായ അന്തരീക്ഷം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാഷ്മീരിൽ നിരോധനാജ്ഞ തുടരുകയാണ്. ആളുകൾ മരണത്തെ നേരിടുകയാണ്. കൂട്ടമാനഭംഗങ്ങൾവരെ റിപ്പോർട്ട് ചെയ്യുന്നു. ആളുകളെ ജയിലുകളിലേക്ക് അയക്കുകയാണ്. ഈ അന്തരീക്ഷത്തിൽ ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. കാഷ്മീർ തർക്കത്തിൽ പാക്കിസ്ഥാനും ഇന്ത്യയും കാഷ്മീരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഇന്ത്യ ഗൗരവമായി പ്രശ്നത്തെ കാണുകയാണെങ്കിൽ കാഷമീർ നേതാക്കളെ വിട്ടയക്കുകയും അവരുമായി കൂടിക്കാഴ്ച നടത്താൻ തന്നെ അനുവദിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ആണവരാജ്യങ്ങളായ ഇന്ത്യക്കും പാക്കിസ്ഥാനും ഇനിയൊരു യുദ്ധം താങ്ങാനാവില്ല. ഇക്കാരണത്താൽ പലതവണ സമാധാനചർച്ചയ്ക്കു സന്നദ്ധത അറിയിച്ച് പാക്കിസ്ഥാൻ ഇന്ത്യയെ സമീപിച്ചിരുന്നെന്നും ഖുറേഷി അഭിമുഖത്തിൽ പറഞ്ഞു. കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ ആക്രമണത്തിന്റെ പാത സ്വീകരിച്ചിട്ടില്ലെന്നും സമാധാനത്തിന്റെ വഴിയാണ് പ്രിയമെന്നും ഖുറേഷി കൂട്ടിച്ചേർത്തു. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.