27 August, 2019 03:43:47 PM
'ജസ്റ്റിന്‍ ട്രൂഡോയെ മെലാനിയ ചുംബിക്കുമ്പോള്‍ തലതാഴ്ത്തി ട്രംപ്'; ജി7 ഉച്ചകോടിയില്‍ വൈറലായി ചിത്രം
ജി7 ഉച്ചകോടിക്ക് ശേഷം ലോകനേതാക്കളും അവരുടെ പങ്കാളികളും ഒത്തുചേര്‍ന്നപ്പോഴുണ്ടായ ഒരു സംഭവം കഴിഞ്ഞ ദിവസം ട്വിറ്റര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഡോണള്‍ഡ് ട്രംപിന്‍റെ ഭാര്യയും അമേരിക്കയുടെ പ്രഥമ വനിതയുമായ മെലാനിയ ട്രംപ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ചുംബിക്കുന്ന രംഗത്തിന്‍റെ ചിത്രമാണ് വൈറലായത്. സമീപത്ത് തല കുറച്ച് താഴ്ത്തി താഴോട്ട് നോക്കി നില്‍ക്കുന്ന ട്രംപിന്‍റെ ചിത്രം നിരവധി ട്രോളുകള്‍ക്കാണ് കാരണമായത്. റോയിട്ടേഴ്സും ചിത്രം ട്വീറ്റ് ചെയ്തു.
ട്വിറ്ററിലും ഫേസ്ബുക്കിലും ചിത്രത്തിന്‍റെ വിവിധ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചിത്രമുപയോഗിച്ച് സിനിമാ പോസ്റ്റര്‍ മാതൃകയില്‍ പോസ്റ്ററുണ്ടാക്കി. ട്രോളുകളെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇതിന്‍റെ വീഡിയോ കാണുമ്പോള്‍ യാഥാര്‍ത്ഥ്യം മനസ്സിലാകും. കോട്ട് നേരെയാക്കാന്‍ വേണ്ടി ട്രംപ് തലയൊന്ന് താഴ്ത്തിയപ്പോഴാണ് ഫോട്ടോഗ്രാഫര്‍ പണിയൊപ്പിച്ചത്. ജി7 ഉച്ചകോടിയിലെ രസകരമായ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി സിഎന്‍എന്‍ മനോഹരമായ പരിപാടി തയ്യാറാക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തെക്കുറിച്ച് ട്രംപ് പറയുന്നതും മോദി ട്രംപിന്‍റെ കൈയില്‍ സൗഹൃദത്തോടെ അടിക്കുന്നതും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ട്രംപും ഫോട്ടോക്ക് പോസ് ചെയ്യുന്നതും മെര്‍ക്കലിന് ട്രംപ് സ്നേഹ ചുംബനം നല്‍കുന്നതുമെല്ലാം സിഎന്‍എന്‍ പരിപാടിക്ക് ആധാരമായി.