27 August, 2019 11:10:24 AM


'ഭാര്യക്കെതിരെ മോശം കമന്‍റടിച്ചു'; പാരീസില്‍ ജി 7 ഉച്ചകോടിയില്‍ തമ്മിലടിച്ച് ലോക നേതാക്കള്‍



പാരിസ്: ജി7 ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവല്‍ മക്രോണും ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോല്‍സൊനാരോയും തമ്മില്‍ വാക്പോര്. തന്‍റെ ഭാര്യയോട് ബ്രസീല്‍ പ്രസിഡന്‍റ് മോശമായ പെരുമാറിയെന്നാരോപിച്ചാണ് ഇമ്മാനുവല്‍ മക്രോണ്‍ രംഗത്തെത്തിയത്. എന്‍റെ ഭാര്യക്കുനേരെ അസാധാരണമായ ഭാഷയില്‍ മോശമായ പരാമര്‍ശം ബ്രസീല്‍ പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായെന്ന് മക്രോണ്‍ ബിരാറിട്സിലെ വാര്‍ത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തിയത്.


ബോല്‍സൊനാരോയുടെ പരാമര്‍ശവും പെരുമാറ്റവും ബ്രസീല്‍ ജനത തള്ളിക്കളയുമെന്നും അദ്ദേഹത്തെ നേര്‍വഴിക്ക് നയിക്കുമെന്നുമാണ് തന്‍റെ പ്രതീക്ഷയെന്നും മക്രോണ്‍ പറഞ്ഞു. ഇതിനു പിന്നാലെ മക്രോണിനെതിരെ ബ്രസീല്‍ പ്രസിഡന്‍റും രംഗത്തെത്തി. മക്രോണിന് ഇപ്പോഴും കൊളോണിയല്‍ മനസ്ഥിതിയാണെന്ന് ബോല്‍സൊനാരോ ആരോപിച്ചു. ജി20 ഉച്ചകോടിയില്‍വച്ച് ബോല്‍സൊനാരോ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് തന്നോട് കള്ളം പറഞ്ഞുവെന്നും മക്രോണ്‍ ആരോപിച്ചു.


ബോല്‍സൊനാരോ അനുകൂലി ഫ്രഞ്ച് പ്രസിഡന്‍റ് മക്രോണിന്‍റെ ഭാര്യ ബ്രിജിത്ത മക്രോണിനെ മോശമായി ചിത്രീകരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മോശമായി കമന്‍റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് ബോല്‍സൊനാരോയുടെ കമന്‍റാണ് മക്രോണിനെ ചൊടിപ്പിച്ചത്. 'അവരെ അപമാനിക്കരുത്, ഹ..ഹ' എന്നായിരുന്നു ബോല്‍സൊനാരോയുടെ കമന്‍റ്. ആമസോണ്‍ കാടുകളിലെ തീപിടിത്തം തടയാന്‍ ബ്രസീല്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഇമ്മാനുവേല്‍ മക്രോണ്‍ തുറന്നടിച്ച് രംഗത്തെത്തിയതോടെ മക്രോണിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണവും ബോല്‍സൊനാരോ അനുകൂലികള്‍ നടത്തിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K