22 August, 2019 07:37:37 PM


അമ്മയുടെ കാര്‍ മോഷ്ടിച്ച്‌ എട്ടുവയസുകാരന്‍ പാഞ്ഞത് 140 കിലോമീറ്റര്‍ വേഗതയില്‍




കാന്‍ബറ: അമ്മയുടെ കാര്‍ മോഷ്ടിച്ച്‌ 140 കിലോമീറ്റര്‍ വേഗതയില്‍ ഹൈവേയിലൂടെ പറത്തിയ എട്ട് വയസുകാരന്‍റെ വാര്‍ത്ത ലോകം മുഴുവന്‍ പരന്നുകഴിഞ്ഞു. ഓസ്ട്രേലിയയിലെ ചെറുനഗരമായ സോസ്റ്റില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. മാതാപിതാക്കള്‍ അറിയാതെ കുട്ടി രാത്രിയില്‍ വീട്ടില്‍നിന്നും കാറുമായി കടക്കുകയായിരുന്നു.


എ44 ഹൈവേയില്‍ കയറിയ കുട്ടി അതിവേഗത്തില്‍ കാര്‍ പായിച്ചു. കാര്‍ ഓടിക്കാന്‍ കുട്ടി നേരത്തെ തന്നെ പരിശീലനം നേടിയിരുന്നു. രാത്രിയില്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയ അമ്മ കണ്ടത് കാറുമായി കുട്ടി മിന്നല്‍ വേഗത്തില്‍ പോകുന്നതാണ്. ഉടന്‍ തന്നെ മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് ഉടന്‍ തന്നെ കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. കുറേ നേരം കാറോടിച്ചപ്പോള്‍ മടുപ്പു തോന്നിയ എട്ട് വയസുകാരന്‍ ഹൈവേയിലെ ഒരു പാര്‍ക്കിംഗ് സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതോടെയാണ് പൊലീസ് പിടികൂടി.


കാര്‍ ഓടിക്കാന്‍ ആഗ്രഹം തോന്നിയതുകൊണ്ടാണ് ഡ്രൈവ് ചെയ്തത് എന്നായിരുന്നു പൊലീസിന്‍റെ ചോദ്യത്തിന് ഒരു കൂസലും കൂടാതെ കുട്ടി മറുപടി പറഞ്ഞത്. വാഹനം ഓട്ടോമറ്റിക് ആയതുകൊണ്ട് യാത്ര സുഖകരമായിരുന്നു എന്നും കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയെ പൊലീസ് പിന്നീട് മാതാപിതാക്കള്‍ക്ക് കൈമാറി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K