22 August, 2019 03:12:15 PM
തുഷാറിന് ജാമ്യം: എം.എ യൂസഫലി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് 2 കോടി രൂപയും പാസ്‌പോര്‍ട്ടും കെട്ടിവച്ചു
അജ്മല്‍: ചെക്ക് കേസില്‍ അജ്മലില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ജാമ്യം നേടി പുറത്തിറങ്ങി. പ്രമുഖ വ്യവസായി എം.എ യൂസഫലി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് രണ്ടു കോടി രൂപയോളം കെട്ടിവച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. തുഷാറിന്‍റെയും മറ്റൊരാളുടെയും പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവച്ചു. രണ്ട് ആള്‍ജാമ്യവുമുണ്ട്. യൂസഫലിയുടെ അഭിഭാഷകന്‍ തുഷാറിനു നിയമസഹാവും ലഭ്യമാക്കിയിരുന്നു. 10 ദശലക്ഷം യു.എ.ഇ ദിര്‍ഹ (20 കോടിയോളം രൂപ) ത്തിന്‍റെ വണ്ടിച്ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ അജ്മലിലെ ജയിലിലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും തുഷാറിന്‍റെ മോചനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രിയെ ബന്ധപ്പെട്ടിരുന്നു. ബി.ജെ.പി നേതൃത്വവും തുഷാറിനായി ഇടപെട്ടിരുന്നു. കസ്റ്റഡിയില്‍ ഉള്ള തുഷാറിന്‍റെ ആരോഗ്യ നിലയില്‍ ആശങ്ക ഉണ്ടെന്നും നിയമ പരിധിയില്‍ നിന്ന് സഹായങ്ങള്‍ ചെയ്യണമെന്നും മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. മോചനത്തിനായി കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ഇടപെട്ടിരുന്നു.
തുഷാറിനെ മനപ്പൂര്‍വം കുടുക്കിയതാണെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും നിയമപരമായി പ്രശ്‌നത്തെ നേരിടുമെന്നും പിതാവും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇതെന്നും തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി ആരോപിച്ചു. തുഷാറിന്‍റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും തുഷാര്‍ നിരപരാധിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും പറഞ്ഞു.