11 August, 2019 06:29:56 PM
രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് 1700 രൂപ, ഓംലറ്റിന് 850 രൂപ; ഹോട്ടല്‍ ബില്‍ വിവാദത്തില്‍
മുംബൈ: രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കി ഛണ്ഡിഗഢിലെ ജെ.ഡബ്ളിയു മാരിയറ്റ് ഹോട്ടല്‍ വിവാദത്തിലായതിന്പിന്നാലെ മുംബൈയിലെ ഫോര്‍ സീസണ്‍സും ഉയര്‍ന്ന ഭക്ഷണവിലയുടെ പേരില്‍ വിവാദത്തില്‍. രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് 1700 രൂപ ഈടാക്കിയാണ് ഹോട്ടല്‍ വിവാദത്തിലായിരിക്കുന്നത്. കാര്‍ത്തിക് ധര്‍ എന്നയാള്‍ പോസ്റ്റ് ചെയ്ത ബില്ലിലാണ് രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് ഹോട്ടല്‍ 1700 രൂപ ഈടാക്കിയിരിക്കുന്നത്.
രണ്ട് ഓംലറ്റിനും ഇതേ നിരക്കാണ് ഹോട്ടല്‍ ഈടാക്കുന്നത്. അതേസമയം, പ്രശ്നത്തില്‍ പ്രതികരണം നടത്താന്‍ ഹോട്ടല്‍ ഇതുവരെ തയാറായിട്ടില്ല. ബോളിവുഡ് താരം രാഹുല്‍ ബോസില്‍ നിന്നാണ് മാരിയറ്റ് ഹോട്ടല്‍ രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയത്. തുടര്‍ന്ന് രാഹുലിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ ഹോട്ടലിന് 25,000 രൂപ പിഴയിട്ടിരുന്നു.