09 August, 2019 12:54:58 PM
മഴ, ഉരുൾപൊട്ടൽ: മരിച്ചവരുടെ എണ്ണം 22 ആയി; ആലപ്പുഴ വഴി ട്രെയിൻ ഗതാഗതം നിര്‍ത്തി
തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ചയും കനത്ത മഴ തുടരുന്നു. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. സംസ്ഥാനത്തെ ഒന്‍പതു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്രമഴയ്ക്കു സാധ്യത.
ചാലക്കുടിയിൽ വെള്ളപ്പൊക്ക സാധ്യത നിർദേശം നൽകി. ഭരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി മുതൽ തൃത്താല വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. മഴയിൽ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 22 ആയി. ഇന്ന് 12 പേരാണു മരിച്ചത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 6 മൃതദേഹങ്ങൾ കണ്ടെടുത്തു. 50 പേരെ കാണാതായിട്ടുണ്ട്.
മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതോടെ ആലപ്പുഴ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ നിന്ന് 3 കമ്പനി സൈനികരെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ വിന്യസിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചു.
ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം നാളെ രാവിലെ വരെ നിര്‍ത്തിവച്ചു. ദീർഘദൂര ട്രെയിനുകൾ കോട്ടയം വഴി സര്‍വീസ് നടത്തും. പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണു നടപടി. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം ഇന്ന് രാവിലെ തടസ്സപ്പെട്ടു. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി , ബംഗളുരു- കൊച്ചുവേളി എന്നീ ട്രെയിനുകൾ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്സ്പ്രസ് കോട്ടയം വഴിയാണ് സർവീസ്. എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സർവീസ് നടത്തില്ല.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപൊട്ടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. പാലായിൽ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.