08 August, 2019 07:36:48 PM
പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല; ഏറ്റുമാനൂര്‍ ഫ്ലൈ ഓവര്‍ യാഥാര്‍ത്ഥ്യമായേക്കും
- എം.പി.തോമസ്
കോട്ടയം: പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല. ഏറ്റുമാനൂര്‍ നഗരത്തിലെ ഫ്ലൈ ഓവറിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. തവളക്കുഴി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിന് സമീപം വരെ ഏറ്റുമാനൂര്‍ വില്ലേജിലെ ഒമ്പത് സര്‍വ്വേ നമ്പരുകളില്‍ ഉള്‍പ്പെടുന്ന ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്ന് വ്യക്തമാക്കി റവന്യു വകുപ്പ് ഉത്തരവിറക്കി.
കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരമാണ് ഏറ്റുമാനൂര്‍. ഇതിന് പരിഹാരമായി നിര്‍മ്മിക്കാനുദ്ദേശിച്ച ഫ്ലൈ ഓവറിനെതിരെ ഒരു വിഭാഗം വ്യാപാരികളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നിര്‍ദ്ദിഷ്ട ഫ്ലൈ ഓവര്‍ പദ്ധതി ഉപേക്ഷിക്കണമെന്നും വ്യാപാരികളും നാട്ടുകാരുമായി ആലോചിച്ച് പുതിയ പദ്ധതിയ്ക്ക് രൂപം നല്‍കണമെന്നും ആവശ്യപ്പെട്ട് പൗരാവലിയുടെ പേരിലായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫ്ലൈ ഓവര്‍ വന്നാല്‍ തങ്ങളുടെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ വാദം. ഒന്നര വര്‍ഷം മുമ്പ് എം.സി.റോഡ് നവീകരണം പൂര്‍ത്തിയായപ്പോള്‍ കെട്ടിടങ്ങള്‍ പുതുക്കി പണിത വ്യാപാരികളും പരിസരവാസികളും ഇവരില്‍ ഉള്‍പ്പെടുന്നു.
ഫ്ലൈ ഓവറിന് സ്ഥലമേറ്റെടുക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയില്‍ അതിരുകല്ലുകള്‍ ഇടാനിരിക്കെയായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് മന്ദഗതിയിലായ നടപടികള്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവോടെ വീണ്ടും ജീവന്‍ വെക്കുന്നത്. എം.സി.റോഡിന് മുകളിലൂടെ 1.30 കിലോമീറ്റര്‍ നീളത്തിളും 8.9 മീറ്റര്‍ വീതിയിലുമാണ് നിര്‍ദ്ദിഷ്ട ഫ്ലൈ ഓവര്‍. ഏറ്റുമാനൂര്‍ ശക്തിനഗറില്‍ ഐഓസി പെട്രോള്‍ പമ്പിനടുത്ത് നിന്ന് ആരംഭിച്ച് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിനപ്പുറം യൂണിയന്‍ ബാങ്കിന് മുന്നില്‍ അവസാനിക്കും വിധമാണ് മേല്‍പ്പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
2016 സെപ്തംബര്‍ 27ന് ഭരണാനുമതി ലഭിച്ച ഫ്ലൈ ഓവറിന് പദ്ധതിവിഹിതമായി ആദ്യം ഉള്‍കൊള്ളിച്ചത് 100.55 കോടി രൂപയായിരുന്നു. 2018 മെയ് 11ന് എസ്റ്റിമേറ്റ് തുക 97.16 കോടിയായി ചുരുക്കി കിഫ്ബിയുടെ അനുമതി ലഭിക്കുകയും നിര്‍മ്മാണ ചുമതല റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയും ചെയ്തു. മേല്‍പ്പാലം നിര്‍മ്മാണത്തിനായി നിലവിലെ റോഡ് ഉള്‍പ്പെടെ ടൌണില്‍ എട്ട് ഏക്കറോളം സ്ഥലം ഏറ്റെടുക്കേണ്ടിവരുമായിരുന്നു. ഇരുവശത്തേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ 7 മീറ്റര്‍ വീതിയാണ് മേല്‍പ്പാലത്തില്‍ വിഭാവന ചെയ്തത്. പാലത്തിന്‍റെ നിര്‍മ്മാണത്തിന് 56 കോടിയും സ്ഥലം ഏറ്റെടുക്കുന്നതിന് 36.90 കോടിയുമാണ് അന്ന് വകയിരുത്തിയിരുന്നത്.
ഫ്ലൈ ഓവറിന്‍റെ തൂണുകള്‍ക്ക് ഇരുവശത്തുമായി ആറ് മീറ്റര്‍ വീതിയില്‍ എം.സി.റോഡ് പുനക്രമീകരിക്കുവാനായിരുന്നു പദ്ധതി. റോഡ് നിര്‍മ്മാണത്തിന് 7.10 കോടിയും പാലം നിര്‍മ്മാണത്തിന് 43.79 കോടി രൂപയും ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് 2.46 കോടിയുമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ 15 മീറ്ററാണ് എം.സി.റോഡിന് ഉള്ളതെങ്കിലും നഗരത്തിലെത്തുമ്പോള്‍ പലയിടത്തും ആവശ്യത്തിന് വീതി ഇല്ലാത്തത് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നതിന് കാരണമാകുന്നു. പുതുതായി ഏറ്റെടുക്കാനുള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ മാനേജര്‍ അജ്മല്‍ ഷാ നേരത്തെ നഗരസഭയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അറിയിച്ചിരുന്നു.
സ്ഥലമേറ്റെടുത്ത് തങ്ങള്‍ക്ക് കൈമാറിയാല്‍ 18 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഡ്വ.കെ. സുരേഷ്കുറുപ്പ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച യോഗത്തില്‍ പങ്കെടുത്ത വ്യാപാരികള്‍ അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. പിന്നീടാണ് പ്രതിഷേധം നുരഞ്ഞു പൊന്തിയത്. ഇതെ തുടര്‍ന്ന് എംഎല്‍എയും അനങ്ങാതായതോടെ പദ്ധതി തുടങ്ങാനാവാത്ത സ്ഥിതിയിലായിരുന്നു. ഇതിനിടെയാണ് ഫ്ലൈ ഓവര്‍ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ ത്വരിതഗതിയിലാക്കിയത്.