08 October, 2025 07:24:14 PM
മീഡിയേഷൻ ക്യാമ്പയിൻ; കോട്ടയം ജില്ലയിൽ തീർപ്പാക്കിയത് 410 കേസ്

കോട്ടയം: കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ മധ്യസ്ഥശ്രമങ്ങളിലൂടെ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച 'മീഡിയേഷൻ ഫോർ നേഷൻ' ക്യാമ്പയിനിലൂടെ ജില്ലയിൽ തീർപ്പാക്കിയത് 410 കേസുകൾ. ജില്ലയിൽ 2121 പെൻഡിങ് കേസുകളാണ് 90 ദിവസത്തെ ക്യാമ്പയിന്റെ ഭാഗമായി പരിഗണനയ്ക്കുവന്നത്. സംസ്ഥാനത്താകെ ഇത്തരത്തിൽ പരിഗണനയ്ക്കുവന്ന 26466 കേസിൽ 7911 എണ്ണം തീർപ്പാക്കി.
സുപ്രീം കോടതിയുടെ കീഴിലുള്ള മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രൊജക്റ്റ് കമ്മിറ്റിയും നാഷണൽ ലീഗൽ സർവീസസ് അതോറിട്ടിയും സംയുക്തമായാണു ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
വൈവാഹിക തർക്കം, അപകടക്ലെയിം , ഗാർഹിക അതിക്രമം, ചെക്ക് മടങ്ങൽ, വാണിജ്യതർക്കം, സർവീസ്‌വിഷയം, ഉപഭോക്തൃ തർക്കം, കടം വീണ്ടെടുക്കൽ, വീതംവയ്ക്കൽ, ഒഴിപ്പിക്കൽ, ഭൂമിഏറ്റെടുക്കൽ എന്നിങ്ങനെ രാജ്യത്തെ കോടതികളിൽ നിലവിലുള്ളതും മധ്യസ്ഥതയിലൂടെ തീർപ്പുകൽപ്പിക്കാൻ സാധ്യതയുള്ളതുമായ കേസുകളാണ് പരിഗണിച്ചത്.
കേരള ഹൈക്കോടതിയുടെയും സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്ത സംരംഭമായ കേരള സംസ്ഥാന മധ്യസ്ഥത -അനുരഞ്ജന കേന്ദ്രമാണ് (കെ.എസ്.എം.സി.സി ) മീഡിയേഷൻ പ്രവർത്തനങ്ങളെ നിയന്ത്രിച്ചത്. കക്ഷികളിൽ നിന്ന് ഫീസ് വാങ്ങാതെയാണ് മീഡിയേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്.