08 October, 2025 09:31:41 AM
ഡോക്ടറുടെ പേരിൽ കള്ളയൊപ്പിട്ട് വ്യാജരേഖ ചമച്ച പ്രതിക്ക് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും

കോട്ടയം: ഡോക്ടറുടെ പേരിൽ കള്ളയൊപ്പിട്ട് വ്യാജരേഖ ചമച്ച പ്രതിക്ക് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. സലാഹുദ്ദീൻ( 30) ആണ് ശിക്ഷിക്കപ്പെട്ടത്.14/4/15 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വന്തമായി ഉപയോഗിക്കുന്നതിനും, വില്‌പന നടത്തുന്നതിനുമായി .മെഡിക്കൽ ഷോപ്പുകളിൽ നിന്നും ഉറക്ക ഗുളികകളുടെ ഇനത്തിൽപ്പെട്ട മരുന്നുകൾ വാങ്ങുവാനായി പ്രതി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ബഷീർ പൊൻകുന്നം എന്ന പേരിൽ ഒ.പി. ടിക്കറ്റ് വാങ്ങി അതിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്‌ടർ ആഷാ പി നായരുടെ പേരിൽ വ്യാജമായി ഒപ്പിട്ട് വ്യാജമായി ചമച്ച ഒ.പി.ടിക്കറ്റ് കൈവശം സൂക്ഷിച്ചു എന്നതായിരുന്നു പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. 14.04.15 തീയതിപ്രതിയെ ഇല്ലിക്കൽ മുൻസിപ്പൽ ഗ്രൗണ്ടിന് സമീപം ഇല്ലിക്കൽ താഴത്തങ്ങാടി റോഡിൽ രാത്രി 8.45 മണിയോടെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്‌തു ചോദ്യം ചെയ്തതിലും ദേഹ പരിശോധന നടത്തിയതിലും ആണ് പ്രതിക്കെതിരെയുള്ള കുറ്റം വെളിവായത്. കേസിൽ വാദം കേട്ട കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -3- അനന്തകൃഷ്ണൻ.എസ്. പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. റോബിൻ കെ നീലിയറ ഹാജരായി.