04 October, 2025 12:15:14 PM
കോട്ടയത്ത് റോഡില്‍ ബിയർ കുപ്പി എറിഞ്ഞു പൊട്ടിച്ച യുവാക്കളെ കൊണ്ട് റോഡ് വൃത്തിയാക്കിച്ചു പോലീസ്

കോട്ടയം: കോട്ടയം നഗര മധ്യത്തില്‍ റോഡില്‍ ബിയർ കുപ്പി എറിഞ്ഞു പൊട്ടിച്ച യുവാക്കളെ കൊണ്ട് റോഡ് വൃത്തിയാക്കിച്ചു പോലീസ്. ഇന്നലെ രാത്രി കോട്ടയം കെഎസ്‌ആർടിസി ബസ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം. മദ്യപിച്ച ശേഷം ബിയർ കുപ്പി റോഡിനു നടുവിലേക്ക് എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ബിയർ ബോട്ടില്‍ പൊട്ടിച്ചിതറി നടുറോഡില്‍ ചില്ല് നിറഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ പോലീസും സംഭവത്തില്‍ ഇടപെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വിവരം പോലീസില്‍ അറിയിച്ചു. ഇതോടെ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപെട്ടു. മറ്റൊരാളെ നാട്ടുകാർ ചേർന്ന് പിടികൂടി. അല്‍പ സമയത്തിനകം തന്നെ പോലീസ് കണ്‍ട്രോള്‍ റൂം വാഹനം സ്ഥലത്ത് എത്തി. തുടർന്ന് റോഡില്‍ ചില്ല് അടിച്ചു പൊട്ടിച്ചിട്ടയുവാവിനെ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തി. തുടർന്ന് സമീപത്തെ കടയില്‍ നിന്നും ചൂല്‍ വാങ്ങിയ ശേഷം റോഡ് അടിച്ചു വൃത്തിയാക്കിച്ചു. ഇതിന് ശേഷം ഇവരെ സ്‌റ്റേഷനില്‍എത്തിച്ച കേസും രജിസ്റ്റർ ചെയ്തു.