07 August, 2019 11:42:34 AM


കോട്ടയം പേരൂര്‍ സ്വദേശി വയോധികന്‍ ഫ്‌ളോറിഡയില്‍ മോഷ്ടാവിന്‍റെ വെടിയേറ്റ് മരിച്ചു

പേരൂര്‍ കൊരട്ടിയില്‍ മത്തായി ആണ് മരിച്ചത്



ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ മോഷ്ടാവിന്‍റെ വെടിയേറ്റ് മലയാളി മരിച്ചു. കോട്ടയം പേരൂര്‍ കൊരട്ടിയില്‍ മാത്യുവിന്‍റെ മകന്‍ മത്തായി (68) ആണ് മരിച്ചത്. വാൽറിക്കോയില്‍ ഹൈവേ 60നു സമീപമുള്ള സെന്‍റര്‍ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം മോഷണമുതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളില്‍ ഒരാള്‍ തോക്കു ചൂണ്ടി മാത്യുവിന്‍റെ എസ് യു വി കാര്‍ തട്ടിയെടുക്കുകയായിരുന്നു. ചൊവ്വാഴ്ച യുഎസ് സമയം രാവിലെ 10:30ന് (ഇന്ത്യന്‍ സമയം രാത്രി 8.15) ആയിരുന്നു സംഭവം.


ബാങ്കിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് തോക്കുചൂണ്ടി വാഹനം അപഹരിക്കുന്നത്. മത്തായിയെ പാസഞ്ചര്‍ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം അക്രമി വാഹനം ഓടിച്ചു പോകുകയായിരുന്നു. എന്നാല്‍ പോലീസ് കാര്‍ പിന്‍തുടര്‍ന്ന് ജെയ്‌സണ്‍ ഹനസന്‍ ജൂനിയര്‍(36) എന്ന അക്രമിയെ കസ്റ്റഡിയിലെടുത്തു. രണ്ട് പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ആദ്യം പുറത്ത് കടന്ന് പോയ പിന്നാലെയാണ് ജെയ്സണ്‍ ഹാന്‍സണ്‍ മത്തായിയെ ആക്രമിക്കുന്നത്. 



പോലീസ് പിന്‍തുടര്‍ന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് കാര്‍ മറിഞ്ഞു. വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. എന്നാല്‍ വാഹനത്തില്‍ മത്തായിയെ കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് മത്തായിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. വൈകിട്ട് നാലു മണിയോടെ വാഷിംഗ്ടണ്‍ റോഡില്‍ കവര്‍ച്ച ചെയ്ത ബാങ്കിനു സമീപം തന്നെയുള്ള സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കാ കമ്യൂണിറ്റി സെന്ററിനു പിന്നില്‍ നിന്നു മത്തായിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് പിടി കൂടിയ അക്രമി കവര്‍ച്ച കേസില്‍ 15 വര്‍ഷത്തെ തടവിന് ശേഷം അടുത്തിടെയണ് പുറത്തിറങ്ങിയതത്രേ.


കഴിഞ്ഞ നാല്‍പത് വര്‍ഷമായി മത്തായിയും കുടുംബവും അമേരിക്കയിലാണ്. മാത്യുവിന്‍റെ ഏഴ് മക്കളില്‍ മത്തായിയും മറ്റ് 5 പേരും ഫ്‌ലോറിഡയിലെ ടാമ്പയിലും ഒരാള്‍ ചിക്കാഗോയിലുമാണ് താമസം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മത്തായി കുറെ നാളായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗം ലില്ലികുട്ടിയാണ് ഭാര്യ. മക്കള്‍ മെല്‍വിന്‍,  മെന്‍സണ്‍, ഡോ.മഞ്ചു, മരുമക്കള്‍: മരീറ്റ (പാലാ), ജന്നിഫര്‍ പഴയംപള്ളില്‍ (ഏറ്റുമാനൂര്‍). സംസ്‌കാരം പിന്നീട് ടാമ്പ സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ പള്ളിയില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K