29 July, 2019 05:46:47 AM


ഇസ്രയേലില്‍ മോദിയുടെ ചിത്രം വെച്ച് നെതന്യാഹുവിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണം




ജറുസലാം: ഇസ്രേയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നുള്ള തിരഞ്ഞെടുപ്പ് ബാനറാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ സംസാരവിഷയം. ഇസ്രേയലില്‍ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി സ്ഥാപിച്ചതെന്ന് പറയുന്ന പോസ്റ്ററിന്‍റെ ചിത്രം ഇസ്രയേലി മാധ്യമപ്രവര്‍ത്തകന്‍ അമിചായി സ്റ്റെയിന്‍ ആണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ എന്നിവരുടെ ചിത്രങ്ങളുപയോഗിച്ചും സമാനമായ രീതിയിലുള്ള പോസ്റ്ററുകളുണ്ട്. സെപ്തംബര്‍ 17നാണ് ഇസ്രേയലില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നെതന്യാഹു ഇസ്രേയലിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്.

ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിസ്ഥാനത്തിരുന്ന വ്യക്തി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ നെതന്യാഹു, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ നരേന്ദ്ര മോദിയെ ആദ്യം അഭിനന്ദനങ്ങള്‍ അറിയിച്ച ലോകനേതാക്കളില്‍ ഒരാളാണ് നെതന്യാഹു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K