28 July, 2019 06:39:26 AM
സൗദിയില്‍ തൊഴിലിടങ്ങളിലെ ചൂഷണം ഇനി നടക്കില്ല; ജീവനക്കാരെ സുരക്ഷ ഉറപ്പാക്കി പുതിയ നിയമാവലി
റിയാദ്: തൊഴിലിടങ്ങളിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന പുതിയ നിയമാവലി സൗദിയിൽ തൊഴിൽ മന്ത്രാലയം തയ്യാറാക്കി. ഓഗസ്റ്റ് 31 മുതൽ ഇത് പ്രാബല്യത്തിൽ വരും. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും തൊഴിൽ സ്ഥലത്തെ പീഡനം, മോശം പെരുമാറ്റം എന്നിവയിൽ നിന്നും സംരക്ഷണം നൽകാനും ലക്ഷ്യമിടുന്ന നിയമാവലി തൊഴിൽ സാമൂഹ്യ വികസന മന്ത്രലായം അംഗീകരിച്ചു. തൊഴിലാളിയോടുള്ള തൊഴിലുടമയുടെ പെരുമാറ്റം, തൊഴിലുടമയോട് തൊഴിലാളികളുടെ പെരുമാറ്റം തൊഴിലാളികൾ തമ്മിലുള്ള പെരുമാറ്റം എന്നിവയെല്ലാം നിയമാവലിയുടെ പരിധിയിൽപ്പെടും.
ചൂഷണം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, ലൈംഗികമായി ഉപദ്രവിക്കൽ, ബ്ലാക്‌മെയ്‌ലിംഗ്, എതിർ ലിംഗത്തിൽപ്പെട്ടവരുമായി ഒറ്റയ്ക്ക് കഴിയാൻ സാഹചര്യമുണ്ടാക്കൽ എന്നിവയിൽ നിന്നെല്ലാം പുതിയ നിയമാവലി ജീവനക്കാർക്ക് സംരക്ഷണം നൽകുന്നു. നിയമ ലംഘനങ്ങളെ കുറിച്ച് സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇ മെയിലായും വെബ്‌സൈറ്റ് വഴിയും ശബ്ദസന്ദേശങ്ങളായും തൊഴിലാളികൾക്ക് പരാതി നൽകുന്നതിന് വേണ്ട സംവിധാനം തൊഴിലിടങ്ങളിൽ ഏർപ്പെടുത്തണമെന്നും പുതിയ നിയമാവലി അനുശാസിക്കുന്നു. അതേസമയം സ്ഥാപന ഉടമയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായാൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കാണ് തൊഴിലാളികൾ പരാതി നൽകേണ്ടത്.