25 July, 2019 07:47:40 AM


കേരളത്തി​ല്‍ ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി



ലണ്ടൻ: ഇന്ത്യയില്‍ കല്യാണച്ചടങ്ങിനിടെ ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മാധ്യമപ്രവർത്തകൻ ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍ ആണ് ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട കഥ പറയുന്നത്.


മുൻ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാറിന്‍റെ മകൾ ഐശ്വര്യയുടെ വിവാഹത്തിന് ബോറിസ് 2003-ൽ കേരളത്തിലും തമിഴ്നാട്ടിലുമായെത്തിയിരുന്നു. പത്രപ്രവർത്തകനായിരുന്ന ബോറിസ് അന്ന് എം.പി.യായിരുന്നു. കന്യാകുമാരിയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കല്യാണദിവസം ആന വിരണ്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ബോറിസിന് പക്ഷെ ഒന്നും പറ്റിയില്ല. നാലു ദിവസം കേരളത്തില്‍ ഉണ്ടായിരുന്ന ബോറിസ് കല്യാണശേഷം കോവളത്തും ആലപ്പുഴയിലുമൊക്കെ പുരവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തിയാണ് മടങ്ങിയത്.


ഐശ്വര്യയെ വിവാഹംചെയ്ത കബീർ സിങ് ബോറിസ് ജോൺസന്‍റെ ആദ്യഭാര്യയുടെ അനന്തരവനായിരുന്നു. ഇരുവരും അമേരിക്കയിൽ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ടതാണ്. പരിചയം പിന്നീട് വിവാഹത്തിലെത്തി. വിവാഹ വേദിയായതാകട്ടെ തിരുവട്ടാറിലെ ക്ഷേത്രവും. ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നവർ ഉയരങ്ങളിലെത്തുമെന്ന് ഒരു വിശ്വാസമുണ്ടെന്ന് അന്ന് അദ്ദേഹത്തോട് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ഇക്കാര്യം ബോറിസ് ബ്രിട്ടനിലെത്തിയശേഷം തമാശരൂപേണ ഒരുലേഖനത്തിലെഴുതുകയും ചെയ്തിരുന്നു.


ഇന്ത്യയുടെ മരുമകനാണ് താനെന്ന് മുമ്പോരിക്കൽ ബോറിസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ അകന്നു കഴിയുന്ന ഭാര്യ മറീന വീലറുടെ അമ്മ ഇന്ത്യൻ വംശജയാണ്. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഖുശ്വന്ത് സിംഗിന്റെ സഹോദര പുത്രിയാണ് മറീന. കൺസർവേറ്റിവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബോറിസ് ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞവർഷം ബോറിസ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം രത്തംഭോർ ടൈഗർ റിസർവിൽ എത്തിയിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K