13 July, 2019 12:45:05 PM


ലൈംഗികതയെ കുറിച്ച് വളരെ മോശമായി എഴുതിയാലും അവാർഡ് ! അഡള്‍ട്ട് നോവല്‍ 'കാതറീന'യ്ക്ക് പുരസ്കാരം





ന്യൂയോര്‍ക്ക്: 2018 -ലെ ഏറ്റവും മോശം ലൈംഗിക വര്‍ണനയ്ക്കുള്ള അവാര്‍ഡ് അമേരിക്കന്‍ എഴുത്തുകാരന്‍ ജെയിംസ് ഫ്രേയുടെ 'കാതറീന' എന്ന നോവലിന് ലഭിച്ചു. വിഖ്യാത നോവലിസ്റ്റ് ഹാരുകി മുറകാമിയുടെ നോവലിനെ പിന്തള്ളിയാണ് ജെയിംസ് ഫ്രേയുടെ നോവലിന് ലഭിച്ചത്. ഏറ്റവും മോശം ലൈംഗിക വര്‍ണനകള്‍ അടങ്ങിയ നോവലുകള്‍ക്കോ കഥകള്‍ക്കോ 1993 മുതല്‍ ഈ അവാര്‍ഡ് നല്‍കി വരുന്നു.


പത്ത് വര്‍ഷത്തിനിടെ ജെയിംസ് ഫ്രെ എഴുതിയ ആദ്യത്തെ അഡള്‍ട്ട് നോവലാണ് കാതറിന. ലൈംഗികതയെക്കുറിച്ച് ആവര്‍ത്തിച്ചുള്ള വിവരണങ്ങളിലൂടെ ഏറെ വിവാദമായ നോവലാണ് കാതറീന. ലൈംഗികതയെയും സ്വയംഭോഗത്തെയും അതിന്റെ ഏറ്റവും മോശമായ ഭാഷയില്‍ വിവരിക്കുന്ന പുസ്തകമാണിത്. പാരീസില്‍ വെച്ച് ഒരു അമേരിക്കന്‍ എഴുത്തുകാരനും നോര്‍വീജിയന്‍ മോഡലും തമ്മിലുണ്ടാകുന്ന പ്രണയമാണ് നോവലിന്റെ ഇതിവൃത്തം.


വിവാദമായ ലൈംഗിക വര്‍ണ്ണനകളടങ്ങുന്ന ഭാഗങ്ങളുടെ എണ്ണം കൊണ്ടും വര്‍ണനകളുടെ ദൈര്‍ഘ്യം കൊണ്ടും അവസാന ഘട്ടം വരെ ഏറെ മുന്നിലായിരുന്നു ജെയിംസ് ഫ്രേയുടെ കാതറിന. ആണിന്റെ പ്രിവിലേജുകള്‍ നിറഞ്ഞ പുസ്തകമാണിതെന്നും വളരെ വൃത്തികെട്ട രീതിയിലാണ് എഴുത്തുകാരന്റെയും മോഡലിന്റെയും ബന്ധത്തെ വിശദീകരിച്ചിരിക്കുന്നത് എന്നുമായിരുന്നു പ്രധാന വിമര്‍ശനം.


ഈ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ കടപ്പാടും സന്തോഷവുമുണ്ടെന്ന് ഫ്രേ പ്രതികരിച്ചു. ഈ വര്‍ഷം അവാര്‍ഡ് നിര്‍ണയത്തിന്റെ അവസാന പട്ടികയിൽ എത്തിയവരെല്ലാം പുരുഷന്‍മാരായിരുന്നു. വിഖ്യത നോവലിസ്റ്റ് ഹാരുകി മുറകാമിയുടെ നോവലായ കില്ലിംഗ് കമാന്‍ഡേറ്റര്‍, ഗെരാര്‍ഡ് വുഡ്വാര്‍ഡിന്റെ ദ പേപ്പര്‍ ലവേഴ്സ്, ഐറിഷ് നോവലിസ്റ്റ് ജൂലിയന്‍ ഗഫിന്റെ കണക്ട് (Connect) എന്നിവയെല്ലാം അവസാന പട്ടികയിലുണ്ടായിരുന്നു. ഇവയെയൊക്കെ പിന്തള്ളിയാണ് കാതറീനയ്ക്ക് അവാര്‍ഡ് നല്‍കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K