07 July, 2019 02:14:25 PM
ഏറ്റുമാനൂര്‍ പടിഞ്ഞാറേനട കുടിവെള്ള പദ്ധതി: ജലസംഭരണിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി
ഏറ്റുമാനൂര്‍: ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ പടിഞ്ഞാറേനട കുടിവെള്ള പദ്ധതിയ്ക്കായുള്ള ജലസംഭരണിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സ്വകാര്യവ്യക്തിയില്‍ നിന്നും ലഭിച്ച ഒരു സെന്‍റ് സ്ഥലത്ത് പദ്ധതിക്കു വേണ്ടി അന്‍പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ആശുപത്രി പരിസരത്തെ പ്രധാന ടാങ്കില്‍ നിന്നാണ് ഈ ടാങ്കിലേക്ക് വെള്ളം എത്തിക്കുക. ടാങ്കിന്‍റെ 12 മീറ്റര്‍ ഉയരം ഉള്‍പ്പെടെ ആകെ 58 മീറ്റര്‍ ഉയരത്തിലാണ് ജലസംഭരണി സ്ഥാപിച്ചിരിക്കുന്നത്.
എം.എല്‍.എ ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് ജലസംഭരണിയുടെയും മറ്റും നിര്‍മ്മാണം നടന്നത്. ഇതുമായി ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റിയുടെ ജോലികള്‍ അവസാനഘട്ടത്തിലാണെന്ന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ വിഷ്ണു ഉണ്ണിത്താന്‍ പറഞ്ഞു. സുരേഷ്ഗോപി എം.പിയുടെ ഫണ്ടില്‍ നിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ച് ജലവിതരണ പൈപ്പുകള്‍ ഇടുന്ന ജോലികള്‍ ഇനി നടക്കാനുണ്ട്. നഗരസഭയുടെ 10 ലക്ഷം രൂപയും ഇതിനായി ഉപയോഗിക്കും.
നഗരസഭയുടെ 33, 34 വാര്‍ഡുകളില്‍ വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ഭാഗങ്ങളിലെ 218 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഉപഭോക്താക്കളുടെ ഒരു സമിതി ഉണ്ടാക്കി അവരുടെ നേതൃത്വത്തിലാണ് ജലവിതരണം. 1000 ലിറ്ററിന് 6 രൂപ എന്ന നിരക്കിലാണ് വെള്ളത്തിന് ഉപഭോക്താക്കള്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് അടയ്ക്കേണ്ട തുക. അതേസമയം സാധാരണ രീതിയില്‍ കണക്ഷന്‍ എടുക്കുന്ന ഉപഭോക്താവ് 1000 ലിറ്ററിന് 4 രൂപയാണ് അടയ്ക്കേണ്ടത്.
ഇതിനിടെ നഗരസഭ പദ്ധതിയ്ക്കായി നീക്കിവെച്ച 10 ലക്ഷം രൂപ കഴിഞ്ഞ മാര്‍ച്ച് 31ന് മുമ്പ് എഗ്രിമെന്‍റ് വെച്ചില്ല എന്ന കാരണത്താല്‍ റദ്ദായത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. 34-ാം വാര്‍ഡ് കൌണ്‍സിലര്‍ ഉഷാ സുരേഷ് ഇതു സംബന്ധിച്ച് കൌണ്‍സിലില്‍ പരാതി ഉന്നയിച്ചത് മുഖവിലയ്ക്കെടുക്കാന്‍ ചെയര്‍മാന്‍ തയ്യാറാകാതെ വന്നതും മറ്റും ഒട്ടേറെ ബഹളത്തിന് ഇടയാക്കിയിരുന്നു. പിന്നീട് പദ്ധതി റിവിഷന്‍ ചെയ്ത് ഈ തുക വീണ്ടും വകയിരുത്തുകയാണ് ചെയ്തതെന്ന് 33-ാം വാര്‍ഡ് കൌണ്‍സിലറും വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ഗണേശ് ഏറ്റുമാനൂര്‍ പറഞ്ഞു.
ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ 2012-13ല്‍ വാലുതൊട്ടി കുടിവെള്ള പദ്ധതി എന്ന പേരില്‍ ആരംഭിച്ച പദ്ധതിയ്ക്ക് പിന്നീട് 22, 23 വാര്‍ഡ് കുടിവെള്ള പദ്ധതി എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. ഇതനുസരിച്ച് ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കിണര്‍ കുഴിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതി ഇല്ലാത്തതിനാല്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭിച്ചില്ല. ഈ കിണര്‍ ഇപ്പോള്‍ മാലിന്യകൂമ്പാരമായി മാറിയിരിക്കുകയാണ്.
2013-14 ല്‍ പടിഞ്ഞാറെ നട കുടിവെള്ളപദ്ധതി എന്ന പേരില്‍ ഏഴ് ലക്ഷം രൂപാ അനുവദിക്കുകയും പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്തു. 2014-15ല്‍ ഒമ്പത് ലക്ഷം രൂപാ മോട്ടോറും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിന് അനുവദിച്ചെങ്കിലും നിശ്ചിതസമയത്ത് ഗുണഭോക്തൃസമിതിയോഗം വിളിക്കുകയോ എഗ്രിമെന്‍റ് വെക്കുകയോ ചെയ്യാതിരുന്നതിനാല്‍ ഫണ്ട് ലാപ്സായി. 2015-16 ല്‍ ആറ് ലക്ഷം രൂപാ അനുവദിച്ചെങ്കിലും എഗ്രിമെന്‍റ് വെക്കാത്തതിനാല്‍ ആ തുകയും ലാപ്സായി. ഇതിനിടെയാണ് 230ഓളം ഗുണഭോക്താക്കളില്‍ നിന്ന് പിരിവെടുത്ത് സ്ഥലം വാങ്ങിയത്.
ബാങ്കില്‍ ബാധ്യത നില്‍ക്കുന്നതിനാല്‍ പോക്കുവരവ് ചെയ്ത് നഗരസഭാ സെക്രട്ടറിയുടെ പേരില്‍ നല്‍കാന്‍ കൗണ്‍സിലര്‍ക്കോ ഗുണഭോക്തൃസമിതിക്കോ കഴിയാതെ പോയതും പദ്ധതി നീളാന്‍ കാരണമായി. സ്ഥലം നല്‍കിയ ആള്‍ ബാധ്യത തീര്‍ത്തതിനു ശേഷം നഗരസഭയുടെ പേരില്‍ എഴുതി നല്‍കിയതിന് ശേഷമാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നത്.