01 July, 2019 11:15:18 AM


എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെ 150 ഇന്ത്യക്കാര്‍ സുരക്ഷിതര്‍ ; ഉടന്‍ ​​തൊഴിലില്‍ തിരിച്ചുകയറാം



ദില്ലി: കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ള 150 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റിയതായിട്ടാണ് വിവരം. വേതനക്കുറവിനെച്ചൊല്ലി തദ്ദേശീയരുടെ പ്രതിഷേധം നിലനില്‍ക്കേ ഉന്നതോദ്യോഗസ്ഥന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തെചൊല്ലിയായിരുന്നു ഏറ്റുമുട്ടല്‍. വിദേശ തൊഴിലാളികള്‍ക്ക് നേരെയായിരുന്നു അക്രമം. നാല് ഇന്ത്യാക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലൂം അവരുടെ പരിക്ക് ഗുരുതരമല്ല. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ച് തൊഴിലില്‍ തിരിച്ചുകയറ്റാന്‍ ശ്രമം തുടരുന്നു.


എണ്ണപ്പാടത്തിന് സമീപത്തെ ഹോട്ടലുകളിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കഴിയുന്നത്. ഹോട്ടലില്‍ നിന്നും ഇവരെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. പ്രധാന പട്ടണത്തിലേക്ക് റോഡുമാര്‍ഗം എത്താന്‍ മുന്നൂറിലേറെ കിലോമീറ്റര്‍ സഞ്ചരിക്കണം. സംഘര്‍ഷം ശമിക്കാതെ പുറത്തെത്തുന്നത് സുരക്ഷിതമല്ലെന്നാണ് കസഖ്സ്ഥാന്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്. ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു.


നേരത്തേ വിദേശികളെ പുറത്തെത്തിക്കാന്‍ വാഹനം എത്തിച്ചെങ്കിലും തദ്ദേശീയര്‍ കല്ലെറിഞ്ഞിരുന്നു. പരിക്കേറ്റവരില്‍ ഇന്ത്യക്കാരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ലബനന്‍ കാരനായ ലോജിസ്റ്റിക്സ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണം.


ചിത്രം തങ്ങളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംഘടിച്ച തദ്ദേശീയര്‍ വിദേശ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയിട്ടും ഇത് നിയന്ത്രിക്കാനായില്ല. ലോജിസ്റ്റിക്സ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ പിന്നീട് ക്ഷമ ചോദിച്ച് വീഡിയോ പുറത്തു വിട്ടിട്ടും സമ്മര്‍ദ്ദ സാഹചര്യത്തിന് അയവ് വന്നിട്ടില്ല. അറബ് വംശീയരായ തൊഴിലാളികള്‍ക്ക് നേരെയായിരുന്നു പ്രധാനമായും ആക്രമണം. 30 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെങ്കിലും ആരെങ്കിലൂം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.


തൊഴിലുമായി ബന്ധപ്പെട്ട് 15 ലധികം ആവശ്യങ്ങള്‍ നാട്ടുകാര്‍ അധികൃതര്‍ക്ക് മുന്നി​ലേക്ക് വെച്ചിരുന്നു. വിദേശികളുടെ ഡൈനിംഗ് റൂം ക്യാമ്പില്‍ കസഖ് സ്ത്രീകള്‍ക്ക് ജോലി നല്‍കരുത്, താമസിച്ചു വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ ഒഴിവാക്കുക, വിദേശികള്‍ ഇപ്പോള്‍ ചെയ്യുന്ന തൊഴിലുകളില്‍ നാട്ടുകാര്‍ക്ക് പരിശീലനം അവരെ ജോലിക്കെടുക്കുക തുടങ്ങിയവയാണ് പ്രധാനമായും മുമ്പോട്ടു വെച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍. കസഖിസ്ഥാനിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസില്‍ അനേകം വിദേശികളാണ് ജോലി ചെയ്യുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K