30 June, 2019 09:15:35 PM


തദ്ദേശീയരുമായി സംഘര്‍ഷം; മലയാളികളടക്കം 150ലേറെ ഇന്ത്യക്കാര്‍ കസാഖ്‍സ്ഥാനില്‍ കുടുങ്ങി



ദില്ലി: സംഘര്‍ഷത്തെ തുടര്‍ന്ന് കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് മലയാളികള്‍ ഉള്‍പ്പടെ 150 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തെ ചൊല്ലി തൊഴിലാളികള്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കസാഖ്സ്ഥാനിലെ  ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ടെങ്കിസില്‍ ശനിയാഴ്ച രാവിലെയാണ് സംഘര്‍ഷം തുടങ്ങിയത്. വേതനക്കുറവിനെച്ചൊല്ലി തദ്ദേശീയരുടെ പ്രതിഷേധം എണ്ണപ്പാടത്ത് നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലബനന്‍കാരനായ ലോജിസ്റ്റിക്സ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് പെട്ടന്നുള്ള പ്രകോപനം.

ചിത്രം തദ്ദേശീയരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ സംഘടിച്ചു. വിദേശ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയിട്ടും നിയന്ത്രിക്കാനായില്ല. വിദേശികളെ പുറത്തെത്തിക്കാന്‍ വാഹനമെത്തിച്ചെങ്കിലും തദ്ദേശീയര്‍ കല്ലെറിഞ്ഞു. പരിക്കേറ്റവരില്‍ ഇന്ത്യക്കാരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. എണ്ണപ്പാടത്തെ ടെന്‍റുകളിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍  കഴിയുന്നത്. പ്രധാന പട്ടണത്തിലേക്ക് റോഡുമാര്‍ഗ്ഗം എത്താന്‍ മുന്നൂറിലേറെ കിലോമീറ്റര്‍ താണ്ടണം. സംഘര്‍ഷം ശമിക്കാതെ പുറത്തെത്തുന്നത് സുരക്ഷിതമല്ലെന്നാണ് കസാഖ്സ്ഥാന്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്. 

തിരുവനന്തപുരം: മലയാളികള്‍ ഉള്‍പ്പെടെയുള്ള 150ഓളം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് കേരള സര്‍ക്കാര്‍. ഇത് സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന മലയാളികളെക്കുറിച്ചുള്ള വിവരം കൈമാറാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നോർക്ക റൂട്ട്സ് ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതേസമയം കസാഖ്‍സ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്‍ലൈന്‍ നമ്പര്‍ തുറന്നു. സഹായം ആവശ്യമുള്ളവര്‍ക്ക് 77012207601, 77012207603, 77172925700, 77172925717 എന്നീ നമ്പറുകളില്‍ വിളിക്കാം. 

തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി  സൃഷ്ടിക്കുകയാണ്. അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് സൂചന. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ 70 മലയാളികള്‍ ഉണ്ടെന്ന് അപകടത്തില്‍പ്പെട്ട മലയാളി യുവാവ് പ്രതികരിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് കസാഖ്‍സ്ഥാനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടതായും ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K