27 June, 2019 12:11:26 PM
ലാൻഡിംഗിനിടെ വിമാനത്തിന് തീപിടിച്ച് പശ്ചിമ സൈബീരിയയില്‍ രണ്ടു പേര്‍ മരിച്ചു
മോസ്കോ: പശ്ചിമ സൈബീരിയയില്‍ ലാൻഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അടിയന്തര ലാൻഡിങ്ങിനിടെ റഷ്യൻ നിർമിത എഎൻ 24 വിമാനത്തിനാണ് തീപിടിച്ചത്. മരിച്ചവർ രണ്ടു പേരും വിമാനത്തിന്‍റെ പൈലറ്റുമാരാണെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 43 പേരെ രക്ഷിച്ചുവെന്നും നിസാര പരിക്കേറ്റ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പറന്നുയർന്ന ഉടൻ എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കുന്നതിനിടെയാണ് അപകടം. റൺവേയിൽ നിന്നു തെന്നി നീങ്ങിയ വിമാനം തൊട്ടടുത്ത കെട്ടിടത്തിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. റൺവേയിൽ നിന്ന് 100 മീറ്ററോളം തെന്നിമാറിയ വിമാനം എയർപോർട്ടിലെ മാലിന്യ പ്ലാന്റിൽ ഇടിച്ചാണ് തീപിടിച്ചത്. കൂടുതല്‍ തീ പടരുന്നതിനു മുമ്പ് മുഴുവന്‍ യാത്രികരെയും പുറത്തിറക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്.