25 June, 2019 01:29:32 PM
മന്ത്രിയുടെ നിര്‍ദ്ദേശവും കാറ്റില്‍ പറത്തി; ഏറ്റുമാനൂര്‍ ചിറക്കുളം നവീകരണവും പാര്‍ക്കിംഗ് പ്ലാസയും കടലാസില്‍ തന്നെ
ഏറ്റുമാനൂര്‍: കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പട്ടണമാണ് ഏറ്റുമാനൂര്‍. വഴിയരികിലെ അനധികൃതപാര്‍ക്കിംഗ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിഹാരമായി നഗരമധ്യത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പാര്‍ക്കിംഗ് പ്ലാസാ നിര്‍മ്മിക്കുവാന്‍ 2017 ജനുവരി 30ന് നഗരസഭാ യോഗം തീരുമാനിച്ചു. പക്ഷെ പാര്‍ക്കിംഗ് പ്ലാസ് അന്നത്തെ തീരുമാനത്തിലും പ്രഖ്യാപനത്തിലും ഒതുങ്ങി.
നഗരസഭയുടെ പ്രഥമചെയര്‍മാന്‍ കൊണ്ടുവന്ന പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പിന്നീട് ആറ് മാസം വീതം കസേര പങ്കിട്ട ചെയര്‍മാരാരും തയ്യാറായില്ല. നഗരസഭ കാര്യാലയത്തിനും സ്വകാര്യ ബസ് സ്റ്റാന്‍റിനും സമീപമുള്ള ചിറക്കുളത്തിന് ചുറ്റുമായി നാല് നിലകളിലായി പാര്‍ക്കിംഗ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് മൂന്ന് കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. താഴത്തെ നില ഉള്‍പ്പെടെ 3000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരേ സമയം 280 കാറുകള്‍ക്കും 120 ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാവുന്ന രീതിയിലാണ് പാര്‍ക്കിംഗ് കേന്ദ്രം രൂപകല്‍പന ചെയ്തത്.
ചിറക്കുളത്തിന്‍റെ മുഖം നഷ്ടപ്പെടാതെയും ജലം മലിനമാകാതെയും സംരക്ഷിച്ചുകൊണ്ടായിരിക്കും പാര്‍ക്കിംഗ് കേന്ദ്രത്തിന്‍റെ നിര്‍മ്മാണമെന്നായിരുന്നു പ്രഖ്യാപനമുണ്ടായത്. നഗരവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി നഗരസഭ പാസാക്കിയ പ്രമേയം അനുമതിക്കായി തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അതോടെ തീര്‍ന്നു പാര്‍ക്കിംഗ് പ്ലാസ.
രാജഭരണകാലം മുതല്‍ ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ ജലസ്ത്രോതസാണ് ചിറക്കുളം. പണ്ട് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഇവിടെ നടന്നിരുന്നു. ഭൂമികയ്യേറ്റവും നികത്തലും ഒക്കെയായി വിസ്തൃതി വല്ലാതെ കുറഞ്ഞുപോയ ചിറക്കുളത്തിന്‍റെ നവീകരണത്തിനും ഒട്ടേറെ പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലം മുതല്‍ തയ്യാറാക്കിയിരുന്നു. പാര്‍ക്കിംഗ് പ്ലാസ ഉള്‍പ്പെടെ മാറിമാറി വരുന്ന ചെയര്‍മാന്‍മാരെല്ലാം ചിറക്കുളം കേന്ദ്രീകരിച്ച് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും അവയെല്ലാം കടലാസില്‍ മാത്രം ഒതുങ്ങി.
ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്താണ് അന്ന് ജില്ലാ പഞ്ചായത്ത് അംഗമായി ജോസ്മോന്‍ മുണ്ടയ്ക്കലിന്‍റെ പ്രത്യേക താല്‍പര്യത്തോടെ ചിറക്കുളം നവീകരണം അവസാനമായി എന്തെങ്കിലും നടന്നത്. മലിനജലം തേകി വൃത്തിയാക്കിയ ശേഷം ചുറ്റുമതില്‍ കെട്ടിയതല്ലാതെ ജോസ്മോന് പദ്ധതി പൂര്‍ണ്ണമാക്കാനായില്ല. പക്ഷെ കുളം ഇന്നും മാലിന്യവാഹിനിയായി ടൌണിലെ കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി തുടരുന്നു. നഗരസഭാ കാര്യാലയത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മത്സ്യമാര്‍ക്കറ്റിലെയും തൊട്ടടുത്ത ഹോട്ടലുകള്‍ ഉള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങളിലേയും മലിനജലം മുഴുവന്‍ ഒഴുകിയിറങ്ങുന്നത് കുളത്തിലേക്ക്.
ജോസ്മോന്‍റെ കാലത്ത് കോണ്‍ക്രീറ്റ് കൊണ്ട് അലങ്കാരപണികള്‍ ചെയ്ത കുളത്തിന് ചുറ്റും ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ശിശുസൗഹൃദമാക്കി പെയിന്‍റിംഗ് നടത്തുവാനുള്ള പദ്ധതിയായിരുന്നു നഗരസഭയുടെ രണ്ടാമത്തെ ചെയര്‍മാനായിരുന്ന ജോയി മന്നാമലയുടേത്. മൂന്ന് ലക്ഷം രൂപ ഇതിനായി നീക്കിവെച്ചു. ഒപ്പം കുളത്തിന് ചുറ്റും അലങ്കാരദീപങ്ങളും കുട്ടികള്‍ക്ക് കളിക്കാനായി റൈഡറുകളും സ്ഥാപിക്കുന്നതിനും മനോഹരമായ ടൈലുകള്‍ പാകി നടപ്പാത നിര്‍മ്മിക്കുകതിനും കൂടി പത്ത് ലക്ഷം രൂപയും ഉള്‍കൊള്ളിച്ചു. ആറ് മാസം കാലാവധി പൂര്‍ത്തിയാക്കി ജോയി മന്നാമല പടിയിറങ്ങിയതോടെ ചിറക്കുളം നവീകരിക്കാനുള്ള ഈ പദ്ധതിയും മുടങ്ങി.
ചിറക്കുളം ഉപയോഗശൂന്യമായി കിടക്കുന്നതില്‍ വിമര്‍ശനവുമായി മന്ത്രി ജെ.മേഴ്സികുട്ടിയമ്മയും രംഗത്തെത്തിയിരുന്നു. ജലാശയങ്ങള്‍ മലീമസമായി കിടക്കുന്ന പ്രവണതയോട് യോജിക്കാനാവില്ലെന്നും തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തണമെന്നും ഒരു ജലാശയം എങ്ങിനെ മലിനമാക്കാം എന്ന മാനസികാവസ്ഥ നമ്മള്‍ മാറ്റിയെടുക്കണമെന്നും ആയിരുന്നു ഒരു ഉദ്ഘാടനത്തിന് ഏറ്റുമാനൂരില്‍ എത്തിയ മന്ത്രി പ്രതികരിച്ചത്. എന്നാല്‍ അതൊക്കെ അങ്ങിനെ കിടക്കും എന്ന രീതിയില്‍ മന്ത്രിയുടെ ഉപദേശം 'ഒരു ചെവിയില്‍ കൂടി കേട്ട് മറുചെവിയിലൂടെ പുറംതള്ളുക'യാണ് നഗരസഭാ അധികൃതര്‍ ചെയ്തത്.