14 June, 2019 08:22:10 PM
ബിഷ്കേക്കില്‍ നടക്കുന്ന ഷാങ്‍ഹായ് ഉച്ചകോടിക്കിടെ സൗഹൃദസംഭാഷണം നടത്തി മോദിയും ഇമ്രാൻ ഖാനും
ബിഷ്കേക്ക്: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കേക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ രാജ്യങ്ങളുടെ ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സൗഹൃദം പങ്കുവച്ചു. ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്‍മാര്‍ ഒത്തുചേരുന്ന ലോഞ്ചില്‍ വച്ചാണ് ഇരുരാഷ്ട്രത്തലവന്‍മാരും തമ്മില്‍ അല്‍പനേരം സംസാരിച്ചത് എന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇമ്രാന്‍ഖാന്‍ അനുമോദിച്ചതായി ഇരുനേതാക്കളുടേയും കണ്ടുമുട്ടല്‍ സ്ഥിരീകരിച്ചു കൊണ്ട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. അതേസമയം ഇരുനേതാക്കളും തമ്മില്‍ തീര്‍ത്തും സാധാരണമായ സൗഹൃദം പങ്കുവയ്ക്കല്‍ മാത്രമാണ് നടന്നതെന്നും ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ട യാതൊരു ഔദ്യോഗിക വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഫെബ്രുവരിയിലുണ്ടായ പുല്‍വാമ ഭീകരാക്രമണത്തിനും തിരിച്ചടിയായി ഇന്ത്യ നടത്തിയ മിന്നാലക്രമണത്തിനും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം മോശമായ നിലയില്‍ തുടരുകയാണ്. കിര്‍ഗിസ്ഥാനിലേക്കുള്ള യാത്രയ്ക്കായി പാകിസ്ഥാന്‍റെ വ്യോമപാത ഒഴിവാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ചത്.