09 June, 2019 07:37:17 PM


നിലപാടില്‍ അയവില്ലാതെ ജോസഫും ജോസ് കെ. മാണിയും; ഇരുവിഭാഗവും സ്പീക്കര്‍ക്ക് കത്ത് നല്‍കി





കോട്ടയം: കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാകുന്നു. നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഇരു വിഭാഗവും സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം ചോദിച്ചാണ് ഇരു വിഭാഗവും സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പി.ജെ ജോസഫിന് താല്‍ക്കാലിക നിയമസഭാ കക്ഷി നേതാവായി തുടരാം.


അധികാര തര്‍ക്കത്തില്‍ ഏറ്റുമുട്ടലിനില്ലെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും ഇരുവിഭാഗവും വ്യക്തമാക്കുന്നു. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ജോസ് കെ. മാണി വിഭാഗമാണ് ഇത്തവണ ആദ്യം സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ പത്ത് ദിവസത്തെ സമയം ചോദിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്.


ജോസ് കെ. മാണി വിഭാഗം സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനോട് പ്രതികരിച്ച് ജോസഫ് വിഭാഗം രംഗത്ത് വന്നു. പാര്‍ട്ടി വിപ്പ് കൊടുക്കുന്ന കത്തിന് സാധുതയില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തല്‍. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാണ് പാര്‍ട്ടി തീരുമാനങ്ങള്‍ സ്പീക്കറെ അറിയിക്കേണ്ടത്. പാര്‍ട്ടിയില്‍ തങ്ങള്‍ക്കാണ് അധികാരമെന്ന് വ്യക്തമാക്കാനാണ് റോഷി സ്പീക്കര്‍ക്ക് കത്ത് നല്‍കിയതെന്നും ജോസഫ് വിഭാഗം വിലയിരുത്തുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K