03 June, 2019 03:43:32 PM
അബ്ദുള്ള കുട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്; മോദിസ്തുതി ബിജെപിയിലേക്കുള്ള വാതായനമാകുമോ?
കാസര്‍കോട്: പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചും വരുന്നുവെന്ന് കാട്ടി എ പി അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസ്സ് പുറത്താക്കി. പാര്‍ട്ടിയില്‍ നിന്നും സത്വര പ്രാബല്യത്തോടെ പുറത്താക്കിയതായി കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. അതേസമയം അനുമോദനവുമായി ശ്രീധരന്‍പിള്ള രംഗത്തെത്തിയത് അബ്ദുള്ളകുട്ടി ബിജെപിയില്‍ ചേരാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളികളയുന്നില്ല.
വിശദീകരണം ചോദിക്കുകയും അതിന് തന്‍റെ നിലപാടില്‍ ഉറച്ചു നിന്നു കൊണ്ട് പരിഹാസപൂര്‍വമായ മറുപടി നല്‍കുകയും ചെയ്ത അബ്ദുള്ളക്കുട്ടി പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടര്‍ന്നു എന്നാണ് ആരോപണം. പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എ പി അബ്ദുള്ളകുട്ടിയെ പുറത്താക്കിയതെന്നും കെ.പി.സി.സി. അദ്യക്ഷന്‍ പറയുന്നു.
രാഷ്ട്രത്തെ വികസനത്തിലേക്ക് നയിക്കുന്ന യഥാര്‍ത്ഥ ജനനായകന്‍ നരേന്ദ്ര മോദിയാണെന്ന് അബ്ദുള്ള കുട്ടിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. മോദി സ്തുതിയില്‍ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയ പിന്നാലെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. കോണ്‍ഗ്രസും സിപിഎമ്മും കള്ളനാണയങ്ങളാണെന്ന് അബ്ദുള്ളക്കുട്ടിക്ക് ഇപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചു. അതുകൊണ്ടാണ് അദ്ദേഹം സത്യം വിളിച്ച് പറഞ്ഞത്.
അബ്ദുള്ളക്കുട്ടിയുടെ മോദിയെ കുറിച്ചുള്ള പ്രതികരണം പ്രശംസനീയമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ നിന്നും പുറത്തായ അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു ശ്രീധരന്‍ പിളളയുടെ മറുപടി. ബിജെപിയിലേക്ക് അബ്ദുള്ളക്കുട്ടിയെ ക്ഷണിച്ചിരുന്നോ എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തന്ത്രങ്ങളാണെന്നും വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു പിള്ളയുടെ പ്രതികരണം.