02 June, 2019 03:31:16 PM
പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സ്ഥാനപതി നടത്തിയ ഇഫ്താര്‍ വിരുന്ന് പാക്ക് ഉദ്യോഗസ്ഥര്‍ അലങ്കോലപ്പെടുത്തി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി നടത്തിയ ഇഫ്താര്‍ വിരുന്ന് പാക്ക് ഉദ്യോഗസ്ഥര്‍ അലങ്കോലപ്പെടുത്തി. ശനിയാഴ്ച്ച വിരുന്നില്‍ പങ്കെടുക്കാനെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവരോട് അപമര്യാദയായി പെരുമാറുകയും, കൈയ്യേറ്റം ചെയ്‌തെന്നുമാണ് പരാതി. വിരുന്ന് നടത്തിയ ഹോട്ടല്‍ സെറേനയില്‍ പാക്ക് ഉദ്യോഗസ്ഥര്‍ വളയുകയും വിരുന്നില്‍ പങ്കെടുക്കാനെത്തിയ നൂറ് കണക്കിന് ആളുകളെ ഉപദ്രവിച്ചുവെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യ ക്ഷണിച്ച ഒട്ടേറെ അതിഥികള്‍ വിരുന്നില്‍ പങ്കെടുക്കാതെ മടങ്ങി പോയി.
കഴിഞ്ഞ ദിവസം നടന്ന ഇഫ്താര്‍ വിരുന്നില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി അതിഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയും രംഗത്തുവന്നു. നേരത്തേയും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ പാക്കിസ്ഥാന്‍ മോശം പെരുമാറ്റം നടത്തിയിരുന്നു. കഴിഞ്ഞ മാസം സിഖ് ഗുരുദ്വാരയിലെ സന്ദര്‍ശകരെ സഹായിക്കാനെത്തിയ രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ 20 മിനിട്ടോളം സമയം ഒരു മുറിയില്‍ പൂട്ടിയിട്ടിരുന്നു. ഇരുവരേയും പാക്ക് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്ന് സംഭവത്തില്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു