02 June, 2019 12:49:31 AM
കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി; കോട്ടയത്ത് ജോസഫിന്‍റെയും മോന്‍സിന്‍റെയും കോലം കത്തിച്ചു
കോട്ടയം: കേരള കോണ്‍ഗ്രസിലെ കലാപം മൂര്‍ച്ഛിക്കുന്നു. കോട്ടയത്ത് ജോസ് കെ മാണി അനുകൂല വിഭാഗം പിജെ ജോസഫിന്‍റെയും മോൻസ് ജോസഫിന്‍റെയും കോലം കത്തിച്ചു. ജോസഫിനെതിരെ അധിക്ഷേപ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു കോലം കത്തിച്ചത്. സമവായചർച്ചകൾക്കുള്ള സാധ്യതകൾ യുഡിഎഫിലെ ചില നേതാക്കൾ ആരായുന്നതിനിടെയാണ് കോലം കത്തിക്കല്‍ നടന്നത്.
പാർട്ടി സംസ്ഥാനകമ്മിറ്റി വിളിക്കുന്നതിനെച്ചൊല്ലി ജോസഫും ജോസ് കെ മാണിയും നേർക്കുനേർ പോരാട്ടം തുടരുകയാണ്. യോജിപ്പോടും ഒരുമയോടും കൂടി മുന്നോട്ട് പോകാനുള്ള ഒരു വഴി സംസ്ഥാനകമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുക എന്നതാണെന്നും ഏകപക്ഷീയ നിലപാടുകൾ പാർട്ടിയെ ഭിന്നിപ്പിക്കുമെന്നും ഇന്ന് മാധ്യമങ്ങളെ കണ്ട ജോസ് കെ മാണി പരസ്യമായി മുന്നറിയിപ്പ് നല്‍കി.
പി ജെ ജോസഫ് താല്ക്കാലിക ചെയർമാനാണെന്ന് കാണിച്ച് കത്ത് നൽകിയത് പാർട്ടിയിലാലോചിക്കാതെയാണെന്ന് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ സംസ്ഥാനകമ്മിറ്റി വിളിക്കില്ലെന്ന കർശനനിലപാട് ജോസഫ് ആവർത്തിച്ചു. ജോസ് കെ മാണിക്ക് വൈസ് ചെയർമാൻ സ്ഥാനവും രാജ്യസഭാംഗത്വവും നൽകിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജോസഫിന്‍റെ പ്രതിരോധം. സംസ്ഥാനകമ്മിറ്റി വിളിച്ച് ചർച്ചകൾ നടത്തണമെന്ന ജോസ് കെ മാണിയുടെ ആവശ്യം തള്ളിയ ജോസഫ് സമവായത്തിന് ശേഷമേ സംസ്ഥാനകമ്മിറ്റി വിളിക്കുവെന്നും വ്യക്തമാക്കി.