26 May, 2019 08:57:04 AM
എൽ ഇ ഡി ലെെറ്റുകളുടെ അമിത ഉപയോഗം കാഴ്ച തകരാറിനും ഉറക്കപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധര്‍
പാരീസ്: എൽ ഇ ഡി (ലെെറ്റ് എമിറ്റിങ് ഡയോഡ്) ലെെറ്റുകളുടെ അമിത ഉപയോഗം കാഴ്ചയെ തകരാറിലാക്കുമെന്നും ഉറക്കപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഫ്രാൻസിലെ ഫ്രഞ്ച് ഹെൽത്ത് അതോറിറ്റി, അമേരിക്കയിലെ മോർഹൗസ് സ്കൂൾ ഓഫ് മെഡിസിൻസ്, കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ എന്നിവരാണ് നിരന്തരമായി എൽ ഇ ഡി ലെെറ്റുകളുമായുള്ള സമ്പർക്കം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
നീണ്ട കാലത്തെ പ്രവർത്തനക്ഷമത, കുറഞ്ഞ ഊർജോപയോഗം, കുറഞ്ഞ താപവികിരണം എന്നിവയാണ് എൽ ഇ ഡി ലെെറ്റുകൾ വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമാകാൻ കാരണം. എന്നാൽ, എൽ ഇ ഡി വിളക്കുകളിൽ നിന്ന് പുറത്തുവരുന്ന നീലരശ്മികൾ ഫോട്ടോടോക്സിക് ഇഫക്ടിന് കാരണമാകുമെന്നും ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. എൽ ഇ ഡി ലെെറ്റുകളുടെ കീഴിൽ ദീർഘനേരം കഴിയുന്നവരിൽ വലിയ തോതിൽ ഉറക്കപ്രശ്നങ്ങളും കണ്ടുവരുന്നു. സാധാരണ പ്രകാശത്തെക്കാൾ കൂടിയ തോതിൽ നീലപ്രകാശം മലിനീകരണമായി കണക്കാക്കാമെന്ന് ഇന്‍റർനാഷണൽ ബ്ലൂ സ്കെെ അസോസിയേഷനും മുന്നറിയിപ്പ് നൽകിയിരുന്നു.