23 May, 2019 12:13:38 PM


കേരളം പിടിച്ചടക്കി യുഡിഎഫ്: എല്‍ഡിഎഫിന് ലീഡ് ആലപ്പുഴയില്‍ മാത്രം; ബിജെപി മൂന്നാം സ്ഥാനത്തേക്ക്



തിരുവനന്തപുരം: കേരളത്തിലാകെ യുഡിഎഫ് തരംഗം. നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 20 ലോക്സഭാ മണ്ഡലങ്ങളില്‍ ആലപ്പുഴ ഒഴികെ എല്ലായിടത്തും യുഡിഎഫ് കനത്ത മുന്നേറ്റം തുടരുന്നു. ആലപ്പുഴയില്‍ ലീഡ് മാറിമറിയുന്ന അവസ്ഥയില്‍ ഇരു മുന്നണികളും ആത്മവിശ്വാസം കൈവിടുന്നില്ല. നിലവില്‍ എ.എം.ആരിഫ് ഷാനിമോളെക്കാള്‍ 5011 വോട്ടിന് മുന്നിലാണ്.


വയനാട്ടില്‍ രാഹുല്‍ഗാന്ധി 180000ഓളം വോട്ടിന് മുന്നേറുകയാണ്. അതേ സമയം അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പിന്തള്ളി സ്മൃതി ഇറാനി മുന്നേറ്റം തുടരുകയാണ്. മലപ്പുറത്ത് 169000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പി.കെ കുഞ്ഞാലികുട്ടിയും പൊന്നാനിയില്‍ 75000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും മുന്നേറുകയാണ്. കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന്‍ 16500 വോട്ടിന് മുന്നിട്ടുനില്‍ക്കുന്നു. കണ്ണൂരില്‍ കെ.സുധാകരന്‍ 44000 വോട്ടിന് മുന്നിലാണ്.


കോട്ടയത്ത് തോമസ് ചാഴികാടന്‍ അര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വി.എന്‍ വാസവനേക്കാള്‍ മുന്നിലാണ്. തിരുവനന്തപുരത്ത് തുടക്കത്തില്‍ കുമ്മനം രാജശേഖരന്‍ ലീഡ് കാണിച്ചെങ്കിലും പിന്നീട് ശശി തരൂര്‍ മുന്നേറുകയായിരുന്നു. 16000 വോട്ടിന്‍റെ ലീഡാണ്  തരൂരിനുള്ളത്. കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ 60000 വോട്ടിന് മുന്നേറുകയാണ്. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് 31000 വോട്ടിന്‍റെയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് 16000 വോട്ടിന്‍റെയും ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്.


ഇടുക്കിയില്‍ 122000 വോട്ടിന്‍റെ ലീഡില്‍ മുന്നേറുകയാണ് ഡീന്‍ കുര്യാക്കോസ്. എറണാകുളത്ത് ഹൈബി ഈഡന്‍ 63000ഓളം വോട്ടിന് മുന്നിലാണ്. ചാലക്കുടിയില്‍ 45000ലേറെ വോട്ടിന് മുന്നിലാണ് ബെന്നി ബെഹനാന്‍. ആലത്തൂരില്‍ രമ്യാ ഹരിദാസ് 93000 വോട്ടിനും പാലക്കാട് ശ്രീകണ്ഠന്‍ 23000 വോട്ടിനും മുന്നേറുകയാണ്. പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി 29000 വോട്ടിന് ലീഡ് ചെയ്യുന്നു. തൃശൂരില്‍ 50000 വോട്ടിന് മുന്നിലാണ് ടി.എന്‍.പ്രതാപന്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K