22 May, 2019 01:20:31 PM
പൊലീസുകാരുടെ ട്രയിനിലെ ദുരിതയാത്ര; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി
"തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി കൊണ്ടുപോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മടക്കയാത്രയിലടക്കം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും സി.ആര്‍.പി.എഫും തയ്യറാവണം. ബീഹാറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള പോലീസുകാര്‍ക്ക് ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലാണ് മടങ്ങേണ്ടിവന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യമുന്നയിക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭിമാനം മനുഷ്യാന്തസ്സ് എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ സര്‍വ്വീസിന് നിയോഗിക്കുന്നവര്‍ക്ക് ചുമതലയുണ്ട്. ഇത് ചിലപ്പോഴെങ്കിലും പാലിക്കപ്പെടുന്നില്ലാ എന്നുള്ളത് നിര്‍ഭാഗ്യകരമാണ്.
ബീഹാറില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ക്ക് മടങ്ങിവരാന്‍ ബര്‍ത്തോ സീറ്റോ ഒന്നുമുണ്ടായില്ല. ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ ഇതര യാത്രക്കാര്‍ക്കിടയില്‍ സ്വയം തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ട നിലയിലായിരുന്നു ഇവര്‍. കടുത്ത ചൂടില്‍ അവരെത്ര വിഷമിച്ചിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതെയുള്ളു. വിശ്രമരഹിതമായ ജോലിക്ക് തൊട്ടുപിന്നാലെയാണ് ഇതെന്നോര്‍ക്കണം. ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു പിന്നാലെയാണ് ഇവരില്‍ പലരും ബീഹാറിലേയ്ക്ക് പോയത്.
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇവരുടെ യാത്രയ്ക്കായി ഒരു തീവണ്ടിയില്‍ ഒരു പ്രത്യേക ബോഗി അനുവദിക്കാവുന്നതേയുള്ളൂ. അതുണ്ടായില്ലാ എന്നതുപോകട്ടെ, കുറച്ച് സ്ലീപ്പര്‍ ബര്‍ത്തുപോലും ഇവര്‍ക്കായി നീക്കിവയ്ക്കാന്‍ അധികാരികള്‍ തയ്യാറായില്ല. നിര്‍ഭാഗ്യകരമാണിത്. ഇതേക്കുറിച്ച് അന്വേഷിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളുണ്ടാകണം."