20 May, 2019 07:50:50 PM
ചെയര്‍മാന്‍ സ്ഥാനം വിട്ടു കൊടുക്കില്ലെന്ന് ജോസഫ്; കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു
കോട്ടയം: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് പി.ജെ ജോസഫ്. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കില്ല. ജോസ് കെ. മാണി വർക്കിംഗ് ചെയര്‍മാനും സിഎഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആകുന്ന ഫോര്‍മുലയാണ് പരിഗണനയില്‍ എന്നും ജോസഫ് പറഞ്ഞു. ഇതോടെ കേരളാ കോൺഗ്രസിൽ തർക്കം രൂക്ഷമായി.
ചെയർമാൻ സ്ഥാനം സംബന്ധിച്ച് സമവായമുണ്ടായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് നിലപാട് കടുപ്പിച്ച് ജോസ് കെ മാണിയും രംഗത്തെത്തിയതോടെ പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന് ഒരു വിഭാഗം നേതാക്കള്‍. പാർട്ടിയെ സ്നേഹിക്കുന്നവർ വിഭാഗീയ പ്രവർത്തനം നടത്തില്ലെന്നും അതിന് അനുവദിക്കില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം സംസ്ഥാന കമ്മറ്റിക്ക് മുമ്പ് മറ്റ് കമ്മറ്റികൾ വിളിക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു.