17 May, 2019 08:16:37 PM
പാകിസ്ഥാനിൽ എയ്ഡ്സ് പടരുന്നു: 400 കുട്ടികളിൽ രോഗബാധ; ഡോക്ടർ അറസ്റ്റിൽ
ഇസ്ലാമാബാദ്: പാകിസ്താനിലെ ലര്‍ക്കാനയില്‍ 400 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തെ ആശുപത്രിയിലെ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഡോക്ടര്‍ക്കും എച്ച്‌ഐവി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ മനഃപൂര്‍വ്വം രോഗം പകര്‍ത്തിയതാണോ എന്ന സംശയത്തിലാണ് അറസ്റ്റ്. ലർകാനയിലെ 13,800 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 40 കുട്ടികളിലും 100 മുതിര്‍ന്നവരിലും എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സിന്ധ് പ്രവിശ്യയിലെ എയ്ഡ്‌സ് കൺട്രോള്‍ വിഭാഗം തലവന്‍ സിക്കന്ദര്‍ മേമന്‍ പറഞ്ഞു.
ലര്‍കാനയിലെ ഗ്രാമങ്ങളില്‍ കുട്ടികള്‍ക്ക് വിട്ടുമാറാത്ത പനിയുണ്ടായതിനെത്തുടര്‍ന്നാണ് സംഭവം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നി ടെസ്റ്റ് നടത്തിയപ്പോഴാണ് കുട്ടികളില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയത്. എച്ച്ഐവി രോഗ സാധ്യത കുറവുളള രാജ്യങ്ങളില്‍ ഒന്നായാണ് പാകിസ്താനെ മുമ്പ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം, 2017ല്‍ മാത്രം 20,000 പേര്‍ക്കാണ് പാകിസ്താനില്‍ രോഗബാധ റിപോർട്ട് ചെയ്തത്.