22 April, 2019 04:10:44 PM
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ; സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ തദ്ദേശീയ ഭീകര സംഘടനയെന്ന് സംശയം

കൊളംബോ: ശ്രീലങ്കയിൽ നടന്ന സ്ഫോടനപരമ്പരയെത്തുടർന്ന് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. തീവ്രവാദപ്രവർത്തനങ്ങൾ തടയാനാണ് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ മാധ്യമ യൂണിറ്റ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ തദ്ദേശീയ ഭീകര സംഘടനയെന്നാണ് സംശയിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് അഭിപ്രായസ്വാതന്ത്ര്യം തടയുന്ന നടപടികളുണ്ടാകില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. എൽടിടിഇയുമായുള്ള ആഭ്യന്തരയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ശ്രീലങ്കയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അതേസമയം, സ്ഫോടനത്തില്‍ ഇതുവരെ ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന സൂചനകളാണ് ഇപ്പോഴും ശ്രീലങ്കയിൽ നിന്ന് വരുന്നത്.
കൊളംബോയിൽ ബസ് സ്റ്റാൻഡിന് മുന്നിൽ നടത്തിയ തെരച്ചിലില്‍ 87 ബോംബ് ഡിറ്റണേറ്ററുകളാണ് കണ്ടെത്തിയത്. പല സമയങ്ങളിലായാണ് ഈസ്റ്റർ ദിനത്തിൽ ആക്രമണങ്ങൾ നടന്നത്. രാവിലെ ഏഴ് സ്ഫോടനങ്ങളും ഉച്ച തിരിഞ്ഞ് എട്ടാമത്തെ സ്ഫോടനവും നടന്നു. രാജ്യതലസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങളാണ് അക്രമികൾ ആസൂത്രണം ചെയ്തിരുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.