31 March, 2019 08:03:50 AM
അനധികൃത ധന സമ്പാദനം; കുവെെത്ത് പാര്‍ലമെന്‍റ് അഗങ്ങള്‍ക്കെതിരെയും അന്വേഷണം വേണമെന്ന് എം.പി
കുവൈറ്റ് സിറ്റി: കുവൈത്തിൽ അനധികൃത ധന സമ്പാദനത്തിന്‍റെ പേരിൽ പാർലമെന്‍റ് അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യം. പാർലമെന്‍റ് അംഗം റിയാദ് അൽ അദസാനിയാണ് ആവശ്യമുന്നയിച്ചത്. കള്ളപ്പണക്കേസിൽ നടപടിയെടുത്തില്ലെങ്കിൽ ധനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരെ കുറ്റവിചാരണ നടത്തുമെന്നും റിയാദ് അൽ അദസാനി വ്യക്തമാക്കി.
രണ്ട് സിറ്റിങ് എം.പിമാർ, ഒരു മുൻ എം.പി, ഒരു വ്യാപാരി എന്നിവരുടെ വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് അൽ അദസാനി എംപി പറഞ്ഞു. കുറ്റാരോപിതരുടെ പേര് വെളിപ്പെടുത്താതെയാണ് എം.പി ഇക്കാര്യം അറിയിച്ചത്. നാല് പേരുടെയും ബാങ്ക് അകൗണ്ടുകളിൽ അസ്വാഭാവികമായി വലിയ തുക വന്നു ചേർന്നതായാണ് പരാതി. 2016 തുടക്കത്തിലും 2017 ഒക്ടോബറിലുമായാണ് ഒരാളുടെ അക്കൗണ്ടിൽ 11.7 ദശലക്ഷം ദീനാർ വന്നത്. ഇയാൾക്ക് ബിസിനസുകളൊന്നുമില്ല.
ഇതേ അക്കൗണ്ടിൽ തന്നെ 10 ദശലക്ഷം ദീനാറിന് മുകളിലുള്ള സംശയകരമായ ഇടപാടും നടന്നിട്ടുണ്ട്. 20 ലക്ഷം ദീനാർ പണമായി പിൻവലിച്ചിട്ടുമുണ്ട്. 2013 ൽ പാർലമെന്റംഗം ആയിരുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കും കാരണം വ്യക്തമാക്കാതെ ആറ് ലക്ഷം ദീനാർ വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തന്റെ പക്കലുണ്ടെന്നും റിയാദ് അൽ അദസാനി അവകാശപ്പെട്ടു