22 March, 2019 06:54:42 PM


ഏറ്റുമാനൂര്‍ പടിഞ്ഞാറെനട കുടിവെള്ള പദ്ധതി: പത്ത് ലക്ഷം രൂപ ലാപ്സായി




ഏറ്റുമാനൂര്‍: ഏറെ വിവാദം സൃഷ്ടിച്ച ഏറ്റുമാനൂര്‍ പടിഞ്ഞാറെനട കുടിവെള്ള പദ്ധതിയ്ക്ക് നഗരസഭാ വിഹിതമായി അനുവദിച്ച പത്ത് ലക്ഷം രൂപ ലാപ്സായി. 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍കൊള്ളിച്ച തുകയാണ് കഴിഞ്ഞ മാര്‍ച്ച് 31ന് മുമ്പ് എഗ്രിമെന്‍റ് വെച്ചില്ല എന്ന കാരണത്താല്‍ റദ്ദായത്. നഗരസഭ 33, 34 വാര്‍ഡുകള്‍ക്കായി റോഡ് പണിക്കും മറ്റും അനുവദിച്ച ഫണ്ടില്‍ നിന്ന് രണ്ട് വാര്‍ഡുകളിലെയും കൗണ്‍സിലര്‍മാര്‍ 5 ലക്ഷം രൂപ പദ്ധതിയ്ക്കായി നീക്കി വെച്ച തുകയാണിത്.  നാലാം തവണയാണ് ഈ പദ്ധതിയ്ക്കായി നീക്കി വെച്ച തുക ലാപ്സാകുന്നത്.

പദ്ധതിക്കായി അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എയുടെ 40 ലക്ഷവും സുരേഷ് ഗോപി എം.പിയുടെ ഫണ്ടില്‍ നിന്ന് 20 ലക്ഷവും അനുവദിച്ചിരുന്നു. എംഎല്‍എയുടെ തുക വാട്ടര്‍ അതോറിറ്റിയ്ക്കാണ് നല്‍കുക. എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി നടപ്പാക്കുന്നതിന് നഗരസഭ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം കൂടി വാട്ടര്‍ അതോറിറ്റിയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വാട്ടര്‍ അതോറിറ്റി അധികൃതരെ കൊണ്ട് കൃത്യസമയത്ത് എഗ്രിമെന്‍റ് വെയ്പ്പിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ മാര്‍ച്ച് 31ന് മുമ്പ് എഗ്രിമെന്‍റ് വെയ്ക്കാത്ത പഴയ പദ്ധതികള്‍ക്കൊന്നും പണം അനുവദിക്കേണ്ട എന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഇത് അറിയാമായിരുന്നിട്ടും ബന്ധപ്പെട്ട കൌണ്‍സിലറോ നഗരസഭാ അധികൃതരോ വേണ്ടത് ചെയ്തില്ലാ എന്നതാണ് തുക ലാപ്സാകാന്‍ കാരണമായത്.

ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ 2012-13 ല്‍ വാലുതൊട്ടി കുടിവെള്ള പദ്ധതി എന്ന പേരില്‍ ആരംഭിച്ച പദ്ധതിയ്ക്ക് പിന്നീട് 22, 23 വാര്‍ഡ് കുടിവെള്ള പദ്ധതി എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. ഇതനുസരിച്ച് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കിണര്‍ കുഴിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതി ഇല്ലാത്തതിനാല്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭിച്ചില്ല. ഈ കിണര്‍ ഇപ്പോള്‍ മാലിന്യകൂമ്പാരമായി മാറിയിരിക്കുകയാണ്. 

2013-14 ല്‍ പടിഞ്ഞാറെ നട കുടിവെള്ളപദ്ധതി എന്ന പേരില്‍ ഏഴ് ലക്ഷം രൂപാ അനുവദിക്കുകയും പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്തു. 2014-15ല്‍ ഒമ്പത് ലക്ഷം രൂപാ മോട്ടോറും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിന് അനുവദിച്ചെങ്കിലും നിശ്ചിതസമയത്ത് ഗുണഭോക്തൃസമിതിയോഗം വിളിക്കുകയോ എഗ്രിമെന്‍റ് വെക്കുകയോ ചെയ്യാതിരുന്നതിനാല്‍ ഫണ്ട് ലാപ്സായി. 2015-16 ല്‍ ആറ് ലക്ഷം രൂപാ അനുവദിച്ചെങ്കിലും എഗ്രിമെന്‍റ് വെക്കാത്തതിനാല്‍ ആ തുകയും ലാപ്സായി. ഇതിനിടെയാണ് 230ഓളം ഗുണഭോക്താക്കളില്‍ നിന്ന് പിരിവെടുത്ത് സ്ഥലം വാങ്ങിയത്.

ബാങ്കില്‍ ബാധ്യത നില്‍ക്കുന്നതിനാല്‍ പോക്കുവരവ് ചെയ്ത് നഗരസഭാ സെക്രട്ടറിയുടെ പേരില്‍ നല്‍കാന്‍ കൗണ്‍സിലര്‍ക്കോ ഗുണഭോക്തൃസമിതിക്കോ കഴിയാതെ പോയതും പദ്ധതി നീളാന്‍ കാരണമായി. സ്ഥലം നല്‍കിയ ആള്‍ ബാധ്യത തീര്‍ത്തതിനു ശേഷം അടുത്ത കാലത്താണ് നഗരസഭയുടെ പേരില്‍ എഴുതി നല്‍കിയതും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നതും. ഇതിനിടെ നഗരസഭയുടെ പേരില്‍ എഴുതി നല്‍കാത്ത സ്ഥലത്ത് ടാങ്ക് സ്ഥാപിക്കാന്‍ പണം അനുവദിക്കുന്നില്ലാ എന്നു കാട്ടി 34-ാം വാര്‍ഡ് കൌണ്‍സിലര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയച്ചത് ഏറെ വിവാദമായിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K