21 March, 2019 12:00:51 PM
30 ഹോട്ടലുകളില്‍ നിന്നായി 1600 പേരുടെ കിടപ്പറ രംഗങ്ങള്‍ ലൈവ്; നാല് യുവാക്കൾ അറസ്റ്റില്‍
സോൾ: ദക്ഷിണകൊറിയയിൽ വിവിധ നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളിൽ ഒളിക്യാമറ ഘടിപ്പിച്ച് 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിലായി. ഹോട്ടല്‍ മുറികളിലെ ഭിത്തികളിലും ഉപയോഗിക്കുന്ന വസ്തുക്കളിലും അനേകം രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ച് അതിലൂടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ആവശ്യക്കാർക്കായി തത്സമയം സംപ്രേഷണം നടത്തുകയായിരുന്നു.
ദക്ഷിണ കൊറിയില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ ചാരപ്പണികളില്‍ ഒന്ന് എന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങൾ സംഭവത്തിനു നൽകിയ ശീർഷകം. ഡിജിറ്റല്‍ ടെലിവിഷന്‍ ബോക്‌സുകളിലും ഭിത്തിയുടെ സോക്കറ്റുകളിലും ഹെയര്‍ ഡ്രൈയറുകളിലും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ച ക്യാമറ വഴിയായിരുന്നു സ്വകാര്യ പകർത്തിയത്. ഹോട്ടൽ മുറിയിലെ അതിഥികളുടെ സ്വകാര്യ സംഭാഷണങ്ങളും കുളിമുറിയിലെ രംഗങ്ങളും ലൈംഗിക ദൃശ്യങ്ങളും പ്രാഥമിക കൃത്യങ്ങളും വരെ ഇടപാടുകാരുടെ കംപ്യൂട്ടറുകളില്‍ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു.
44.95 ഡോളറിന് അംഗമായി ചേർന്നിട്ടുളള 4000 പേര്‍ക്കാണു ദൃശ്യങ്ങൾ നൽകിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ദക്ഷിണ കൊറിയയിലെ 30ഓളം ഹോട്ടലുകളിൽ നിന്നു ദൃശ്യങ്ങൾ ചോർന്നത്. നവംബറിൽ പ്രതികൾ ഒരു വെബ്സൈറ്റ് നിർമ്മിക്കുകയും ദൃശ്യങ്ങൾ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. മുഴുവൻ വിഡിയോയോ 30 സെക്കൻറ് ദൈർഘ്യമുളള ചെറിയ ക്ലിപ്പുകളായോ ഉപയോക്താക്കൾക്കു ദൃശ്യങ്ങൾ കാണത്തക്ക വിധമായിരുന്നു ക്രമീകരണം. 800 ഓളം വിഡിയോ ദൃശ്യങ്ങളാണു പ്രതികൾ ഇത്തരത്തിൽ അപ‍്‍ലോഡ് ചെയ്തത്.
വെബ്സൈറ്റ് രൂപീകരണത്തിന്‍റെ പേരിൽ 97ഓളം പേരിൽ നിന്നു പ്രതികൾ പണം പിരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ലൈംഗിക ഉള്ളടക്കമുള്ള വിഡിയോയുടെ നിർമാണവും പ്രചാരണവും ദക്ഷിണ കൊറിയയിൽ നിയമവിരുദ്ധമാണ്. തങ്ങളുടെ അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർത്തുന്നത് ഹോട്ടൽ ഉടമകൾക്ക് അറിയാമായിരുന്നവെങ്കിലും മൗനം പാലിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതെ ചൊല്ലി വൻ പ്രതിഷേധമാണ് ദക്ഷിണകൊറിയയില്‍ ആഞ്ഞടിക്കുന്നത്.
സംഭവം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ''എന്റെ ജീവിതം നിങ്ങള്‍ക്ക് നീലച്ചിത്രമാക്കാനുള്ളതല്ല'' എന്ന മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിനു യുവതികള്‍ തെരുവില്‍ പ്രതിഷേധിച്ചിരുന്നു. ഒളിക്യാമറകള്‍ വഴി മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ഇത്തരം കേസുകള്‍ മുൻപും ദക്ഷിണകൊറിയയിൽ വിവാദമുണ്ടാക്കിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ലൈവായി സംപ്രേഷണം ചെയ്യുന്നത് ആദ്യമായാണ്. 2017 ൽ ഇത്തരത്തിൽ 6,400 പരാതികളാണ് ഉണ്ടായിരുന്നത്. ജനുവരിയിൽ പോണ്‍ സൈറ്റിന്റെ സഹ ഉടമയെ ദക്ഷിണ കൊറിയ നാലുവര്‍ഷത്തെ തടവിനും 1.26 ഡോളര്‍ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.